സംരക്ഷണമില്ല; സർക്കാർ ഭൂമി മാലിന്യകേന്ദ്രം

ഇരവിപുരം: സർക്കാർ ഭൂമി സംരക്ഷണമില്ലാതെ നശിക്കുന്നു. ഇരവിപുരം താന്നി പനമൂട് റേഷൻകടക്ക് അടുത്തായാണ് അര ഏക്കറിലധികം വരുന്ന ഭൂമി നശിച്ചുകൊണ്ടിരിക്കുന്നത്. സ്ഥലത്തിന് ചുറ്റുമതിലോ സംരക്ഷണഭിത്തിയോ ഇല്ലാത്തതിനാൽ മാലിന്യം തള്ളൽ കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. അരനൂറ്റാണ്ട് മുമ്പ് സൈന്യത്തിൽനിന്ന് വിരമിച്ചവർക്ക് ഹാർഡ് ബോർഡ് കമ്പനി സ്ഥാപിക്കുന്നതിനായാണ് ഈ സ്ഥലം നൽകിയിരുന്നത്. കുറച്ചു നാൾ കമ്പനി പ്രവർത്തിച്ചെങ്കിലും പിന്നീട് നിർത്തുകയായിരുന്നു. ഈ സ്ഥലം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. സംരക്ഷണമില്ലാത്തതിനാൽ സ്ഥലത്തി​െൻറ അളവും കുറഞ്ഞിട്ടുണ്ട്. ആഭ്യന്തര വകുപ്പിന് കൈമാറിയാൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇരവിപുരം പൊലീസ് സ്റ്റേഷൻ ഇവിടേക്കുമാറ്റാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വഴിയടച്ച് പാറക്കൂട്ടം; അനങ്ങാപ്പാറ നയം സ്വീകരിച്ച് അധികൃതർ ഓയൂർ: ആയൂർ--ഓയൂർ റോഡിൽ ഇലവിന്മൂട് വെള്ളിഞ്ചൽചിറ ഭാഗത്ത് റോഡരികിൽ പൊട്ടിച്ചിട്ട പാറക്കൂട്ടം അപകടഭീഷണി ഉയർത്തുന്നു. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പാറ പൊട്ടിച്ചത്. മൂന്നുമാസത്തിന് മുമ്പ് പൊട്ടിച്ചുതുടങ്ങിയ പാറക്കഷണങ്ങളാണ് മാറ്റാതെ അധികൃതർ കണ്ടില്ലെന്നുനടിച്ച് ഉപേക്ഷിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, അടക്കം നിരവധി സർവിസുകൾ നടത്തുന്ന പാതയോരത്താണ് പാറക്കൂട്ടം. പലപ്പോഴും അപകടങ്ങളിൽനിന്ന് തലനാരിഴക്കാണ് വാഹനങ്ങൾ രക്ഷപ്പെടുന്നത്. ഇലവിന്മൂട് മുതൽ റോഡുവിള വരെ മൂന്ന് കിലോമീറ്റർ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുകയാണെന്നും അടിയന്തരമായി പണി തീർക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും നിരന്തര ആവശ്യത്തെ തുടർന്നാണ് ഇവിടെ പണി പുനരാരംഭിച്ചത്. പിന്നീട് ഇത് നിർത്തിവെക്കുകയായിരുന്നു. ടാറിങ് ഇളക്കി മെറ്റൽ പാകി ഉറപ്പിച്ചെങ്കിലും ഇവിടങ്ങളിൽ ഗട്ടറുകളും കുഴികളും വീണ്ടും രൂപപ്പെടുകയായിരുന്നു. യാത്രദുരിതം ഏറിയ പാതയിൽ ഓട്ടോകളും ടാക്സികളും പോകാൻ മടിക്കുന്നു. സ്വകാര്യവാഹനങ്ങളും മറ്റ് റോഡുകളാണ് ആശ്രയിക്കുന്നത്. നടുവൊടിക്കുന്ന ദുരിത യാത്രക്ക് ഉടൻ അറുതിയാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.