കിളിമാനൂർ ഉപജില്ല ശാസ്ത്രമേളക്ക് തിരിതെളിഞ്ഞു

കിളിമാനൂർ: വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹിക ശാസ്ത്ര- പ്രവൃത്തിപരിചയ -ഐ.ടി മേളക്ക് തുടക്കമായി. വാമനപുരം ദേവസ്വം ബോർഡ് ഹൈസ്കൂൾ, പുളിമാത്ത് ഗവ. എൽ.പി.എസ്, കിളിമാനൂർ ടൗൺ യു.പി.എസ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. മേളയുടെ ഉദ്ഘാടനം ഡി.ബി എച്ച്.എസിൽ പുളിമാത്ത് പഞ്ചായത്ത് പ്രസിഡൻറ് ബി. വിഷ്ണു ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി അധ്യക്ഷൻ വി. ബിനു അധ്യക്ഷതവഹിച്ചു. എൽ.പി മുതൽ ഹയർ സെക്കൻഡറി തലം വരെ ഉപജില്ലയിലെ 76 സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. ഉദ്ഘാടനദിനമായ ബുധനാഴ്ച ദേവസ്വം ബോർഡ് സ്കൂളിൽ സയൻസ് മേളയും, ടൗൺ യു.പി.എസിൽ ഗണിതശാസ്ത്രമേളയുമാണ് അരങ്ങേറിയത്. ഗണിതമേളയിൽ കടുവയിൽ കെ.ടി.സി.ടി അവതരിപ്പിച്ച കുത്തബ് മീനാർ, സയൻസ് മേളയിൽ മടവൂർ എൻ.എസ്.എസ്.എച്ച്‌.എസ്.എസ് അവതരിപ്പിച്ച ഓട്ടോമാറ്റിക് കംഫർട്ട് സ്റ്റേഷൻ വർക്കിങ് മോഡൽ എന്നിവ ശ്രദ്ധേയമായി. ഇന്ന് പ്രവൃത്തി പരിചയമേളയും, സാമൂഹ്യശാസ്ത്ര മേളയും നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് സമാപന സമ്മേളനം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.