തിരുവനന്തപുരം: ഫയർഫോഴ്സിൽ മുടങ്ങിക്കിടന്ന സ്ഥാനക്കയറ്റം സംബന്ധിച്ച പരാതികൾക്ക് പരിഹാരം. ഇത് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ജോലിയിൽ പ്രവേശിച്ച അതേ തസ്തികയിൽതന്നെ വിരമിക്കുന്ന ജീവനക്കാരുടെ ദുർഗതിക്ക് പരിഹാരം കാണുന്നതാണ് ഉത്തരവ്. 15 വർഷം പൂർത്തിയാക്കിയ ഫയർമാൻ, ഫയർ ഡ്രൈവർ കം പമ്പ് ഒാപറേറ്റർമാരെ ഗ്രേഡ് ഫീഡിങ് ഫയർമാൻ, ഗ്രേഡ് ഡ്രൈവർ മെക്കാനിക് ആയും 22 വർഷം പൂർത്തിയാക്കിയ ലീഡിങ് ഫയർമാൻ, ഡ്രൈവർ മെക്കാനിക് എന്നിവരെ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഒാഫിസർമാരായും 28 വർഷം പൂർത്തിയാക്കിയ അസിസ്റ്റൻറ് സ്റ്റേഷൻ ഒാഫിസർമാരെ ഗ്രേഡ് സ്റ്റേഷൻ ഒാഫിസർമാരായും സാമ്പത്തിക ബാധ്യതയില്ലാതെ സ്ഥാനക്കയറ്റം നൽകണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. സർക്കാറിന് സാമ്പത്തിക ബാധ്യത വരാത്തനിലയിൽ ഉത്തരവ് നടപ്പാക്കണമെന്നാണ് നിർദേശം. അഗ്നിശമനസേനയിൽനിന്ന് നിരവധി നിവേദനങ്ങളാണ് സർക്കാറിന് ലഭിച്ചിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫയർഫോഴ്സ് മേധാവിക്കും പരാതി ലഭിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഗ്രേഡ് പ്രമോഷൻ നടപ്പാക്കുന്നതുവഴി സേനയിലെ അച്ചടക്കത്തിന് കോട്ടം തട്ടാതെ ജീവനക്കാർക്ക് ആത്മാർഥമായി േജാലി ചെയ്യത്തക്കവിധമുള്ള സംവിധാനം ഉണ്ടാക്കണമെന്ന് ഫയർഫോഴ്സ് മേധാവിയും സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. ആ സാഹചര്യങ്ങൾ പരിഗണിച്ചാണ് കാലാവധി പരിശോധിച്ച് ജീവനക്കാർക്ക് ഗ്രേഡ് സ്ഥാനക്കയറ്റം നൽകാൻ ആഭ്യന്തരവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. വർഷത്തിൽ രണ്ട് ഗ്രേഡ് പ്രമോഷൻ നടപ്പാക്കാമെന്ന് ഉത്തരവിൽ പറയുന്നു. ഇതിനായി പരിഗണിക്കുന്നവർ നിലവിൽ സ്ഥാനക്കയറ്റം ലഭിക്കുന്ന തസ്തികയിൽ കൂടുതൽ ശമ്പളം വാങ്ങുന്നവരായിരിക്കണം. ഗ്രേഡിനനുസരിച്ച യൂനിഫോം ധരിക്കാൻ അവർക്ക് അർഹതയുണ്ടാകും. ഗ്രേഡ് പ്രമോഷൻ ലഭിക്കുന്നവർക്ക് പിന്നീട് െറഗുലർ പ്രമോഷനിൽ അവസരം നിഷേധിക്കാൻ പാടില്ല. ഇത്തരം സ്ഥാനക്കയറ്റം ലഭിക്കുന്നവർക്ക് തസ്തിക പേരിലും യൂനിഫോമിലുമായി മാത്രം പരിമിതപ്പെടുത്തും. ഇവർക്ക് സീനിയോറിറ്റി ഉന്നയിക്കാൻ അവസരമുണ്ടാകില്ലെന്നും ആഭ്യന്തര സെക്രട്ടറി സുബ്രത ബിശ്വാസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.