-മഴ ശക്തം, നെയ്യാര്‍ഡാം നിറഞ്ഞു

കാട്ടാക്കട:- -മഴ കനത്തതോടെ നെയ്യാര്‍ഡാം നിറഞ്ഞു. നീരൊഴുക്ക് ശക്തമായതിനാല്‍ നാല് സ്പില്‍വേ ഷട്ടറുകൾ എട്ടിഞ്ച് വീതം ഉയര്‍ത്തി. മഴ വീണ്ടും ശക്തിപ്പെടുകയാണെങ്കില്‍ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തുമെന്ന് നെയ്യാര്‍ഡാം അസി.എൻജിനീയര്‍ വിനോദ് അറിയിച്ചു. 84.750 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ 84.700 മീറ്റര്‍ വെള്ളം ഇപ്പോഴുണ്ട്. ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പില്‍ കുറവ് വരാത്തത് നെയ്യാര്‍ഡാം അഞ്ചുചങ്ങല പ്രദേശത്തെ നിവാസികളെ ആശങ്കയിലാക്കുന്നു. സംഭരണി തീരത്തെ നൂറോളംകുടുംബങ്ങള്‍ ദുരിതത്തിലാണ്. മരക്കുന്നം, പന്ത, നിരപ്പൂക്കാല, നെരുപ്പൾ, കാഞ്ചിമൂട് ഭാഗങ്ങളിലായി 50 ഓളം വീടുകളിലാണ് വെള്ളം കയറി‍യിട്ടുള്ളത്. ഭൂരിപക്ഷംപേരും ബന്ധുവീടുകളിൽ അഭയംതേടി. സ്ഥിരമായി വെള്ളം തട്ടിനിൽക്കുന്നത് വീടുകൾ ഇടിഞ്ഞുവീഴാൻ കാരണമാകും. കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബം നെഞ്ചിടിപ്പോടെയാണ് ഈ വീടുകളില്‍ കഴിയുന്നത്. ചീങ്കണ്ണി ആക്രമണ ഭയവും നാട്ടുകാർക്കുണ്ട്. വൃഷ്ടിപ്രദേശത്ത് രാത്രിയില്‍ പൊടുന്നനെ മഴ പെയ്യുന്നതിനാല്‍ വളരെ വേഗത്തിലാണ് നെയ്യാര്‍ ജലസംഭരണി നിറയുന്നത്. പരമാവധി സംഭരണശേഷിയിലെത്തിയാല്‍ താമസം അസാധ്യമാംവിധം പലവീടുകളും വെള്ളത്തിലാകും. അണക്കെട്ടി​െൻറ ഷട്ടറുകൾ വഴി കൂടുതൽ വെള്ളം തുറന്നുവിട്ടാൽ വീടുകളിൽ വെള്ളംകയറുന്നത് തടയാനും. എന്നാലിത് നെയ്യാര്‍ നിറഞ്ഞൊഴുകുന്നതിനിടയാക്കും. കഴിഞ്ഞ ആഴ്ച നിറഞ്ഞൊഴുകിയ നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ച സംഭവവുമുണ്ടായി. ഇതുകാരണം പൊടുന്നനെ വെള്ളം തുറന്ന് ആറ്റിലേക്ക് വിടുന്നത് നെയ്യാറി​െൻറ ഇരുകരയിലും താമസിക്കുന്നവര്‍ക്കും കൃഷിക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും. ചെളിയും മണലും നിറഞ്ഞ് 40 ശതമാനത്തോളം സംഭരണശേഷി കുറഞ്ഞതായാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഴക്കാലത്ത് നെയ്യാറിലെത്തുന്ന വെള്ളം പരമാവധി സംഭരിക്കാന്‍ അഞ്ചുചങ്ങല പ്രദേശത്തെ താമസം പൂർണമായും ഒഴിപ്പിക്കുന്നതിനൊപ്പം നെയ്യാറിലടിഞ്ഞുകൂടിയ മണലും ചെളിയും നീക്കംചെയ്യണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നടപടി ഉണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.