മഴയില്‍ വ്യാപകനാശം

കാട്ടാക്കട: തിങ്കളാഴ്ച രാത്രിപെയ്ത മഴയിൽ വ്യാപകനാശം. ആര്യനാട് പറണ്ടോട് സ്വദേശി സോമശേഖന്‍ നായരുടെ വീടി​െൻറ മേല്‍ക്കൂര ചൊവ്വാഴ്ച പുലര്‍ച്ചെ നിലംപൊത്തി. മേല്‍ക്കൂരക്ക് കീഴെ തട്ടുകള്‍ ഉള്ളതിനാല്‍ വീട്ടിലുള്ളവര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. സോമശേഖരന്‍ നായരും ഭാര്യ മധുകുമാരിയും ഓടുകള്‍ ഇളകിവീണ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് തങ്ങളുടെ വീടാണ് തകര്‍ന്നതെന്നറിയുന്നത്. തുടര്‍ന്ന് സമീപവാസികളുടെ വീട്ടില്‍ അഭയംതേടി. വെള്ളനാട് ചാങ്ങ തെക്കേവിളാകം ഭവാനി അമ്മയുടെ വീടും തകര്‍ന്നു. രണ്ടു ദിവസമായി പെയ്യുന്ന മഴയിലും ശക്തമായമിന്നലിലും വ്യാപകനാശമാണ് മേഖലയിൽ. കാട്ടാക്കടയില്‍ അഞ്ചുതെങ്ങിന്‍മൂട്, ചന്ദ്രമംഗലം എന്നിവിടങ്ങളിലും ആര്യനാട് പള്ളിവേട്ടയിലുമാണ്‌ നാശമേറെയും. അഞ്ചുതെങ്ങിന്‍മൂട്ടില്‍ ശിവഗംഗയില്‍ സുരേഷ്കുമാറി​െൻറ പുരയിടത്തിലെ തെങ്ങും വാഴ ഉള്‍പ്പടെയുള്ളവയും മിന്നലേറ്റ് കത്തി. കുളിമുറിയിലെ വയറിങ്ങും കത്തിനശിച്ചു. ആമച്ചല്‍ ചന്ദ്രമംഗലത്ത് സ​െൻറ് സെബാസ്റ്റ്യന്‍ പള്ളിയിലും പരിസരത്തെ നിരവധിവീടുകളിലും മിന്നലേറ്റു. പള്ളിയിലെ വയറിങ്ങും നിരവധി ബൾബുകളും നശിച്ചു. പള്ളിക്ക് സമീപത്തെ നിരപ്പില്‍ വീട്ടില്‍ ആല്‍ബര്‍ട്ട് ഭവനില്‍ മിന്നലേറ്റ് വയറിങ് കത്തിനശിച്ചു. വീട്ടിലെ വളര്‍ത്തുനായ മിന്നലേറ്റു ചത്തു. പ്രദേശത്തെ പത്തോളം വീടുകളിൽ ഗൃഹോപകരണങ്ങൾക്ക് കേടുപറ്റി. പ്രദേശത്ത് പൊതുപരിപാടിക്കായി സജ്ജീകരിച്ചിരുന്ന ആംപ്ലിഫയറുകളും സ്പീക്കറുകളും നശിച്ചു. പള്ളിവേട്ടയില്‍ ഷാജിമ മന്‍സിലില്‍ ബഷീറി​െൻറ ഉടമസ്ഥതയിലുള്ള സര്‍ക്കാര്‍ ഐ.ടി.ഐക്ക് സമീപമുള്ള പുരയിടത്തിലെ അക്കേഷ്യമരം മിന്നലേറ്റ് രണ്ടായി പിളർന്നു. ഈ സമയം ശിഖരങ്ങള്‍ ചിതറിത്തെറിച്ച് സമീപത്തെ നവാസി​െൻറയും സുബൈറി​െൻറയും വീടുകളുടെ മേല്‍ക്കൂരയില്‍ പതിച്ച് ആസ്‌ബറ്റോസ്‌ ഷീറ്റുകള്‍ തകര്‍ന്നു. നെയ്യാർഡാമിൽനിന്ന് അഗ്നിശമനസേനയെത്തിയെങ്കിലും മരം മുറിച്ചുനീക്കാനായില്ല. സമീപത്തെ നിരവധിവീടുകളിലെ ഗൃഹോപകരണങ്ങളും കത്തി. ഗ്രാമീണ റോഡുകള്‍ പലതും വെള്ളത്തിനടിയിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.