ഗൗരിയുടെ മരണം: സ്‌കൂൾ ഇന്ന് തുറക്കും; അധ്യാപകരുടെ ജാമ്യ ഹരജിയും ഇന്ന്​ ​പരിഗണിക്കും

കൊല്ലം: 10ാം ക്ലാസ് വിദ്യാർഥിനി ഗൗരി നേഘ ആത്മഹത്യചെയ്ത സംഭവത്തെതുടർന്ന് അടച്ചിട്ട ട്രിനിറ്റി ലൈസിയം സ്കൂൾ ബുധനാഴ്ച തുറക്കാൻ കലക്ടർ ഡോ.എസ്.കാർത്തികേയ​െൻറ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. അധ്യാപകർക്ക് പ്രത്യേക ബോധവത്കരണവും നൽകും. അതേസമയം, സ്‌കൂളിൽ കഴിഞ്ഞ ദിവസം നടന്ന രക്ഷാകർത്താക്കളുടെ യോഗത്തിനിടെ ഗൗരിയുടെ പിതാവ് പ്രസന്നകുമാറിനെ അപമാനിച്ച സംഭവത്തെ കലക്ടർ രൂക്ഷമായി വിമർശിച്ചു. ഗൗരിയുടെ പിതാവ് സംസാരിക്കുമ്പോൾ മൗനത്തോടെ മറ്റു രക്ഷാകർത്താക്കൾ അത് കേൾക്കണമായിരുന്നു. അദ്ദേഹത്തി​െൻറ വാക്കുകൾ തടസ്സപ്പെടുത്തി കൂവി വിളിച്ച് അപമാനിച്ച ഒരു വിഭാഗം രക്ഷാകർത്താക്കളുടെ പെരുമാറ്റം മോശമാണ്. സ്‌കൂൾ അധികൃതരുടെയും അധ്യാപകരുടെയും ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായത്. പരിഷ്‌കൃത സമൂഹത്തിന് ചേർന്ന പ്രവൃത്തിയല്ല അവിടെ നടന്നതെന്നും കലക്ടർ പറഞ്ഞു. അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കലക്ടർ പൊലീസിനോട് ആവശ്യപ്പെട്ടു. അധ്യാപികമാരായ ക്രസൻറ് നെവിസ്, സിന്ധു പോൾ എന്നിവർ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചതിനാലാണ് അറസ്റ്റ് ചെയ്യാൻ കഴിയാത്തതെന്ന് കൊല്ലം എ.സി.പി യോഗത്തെ അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിട്ടില്ലെന്നും പൊലീസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപിച്ച എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനകളുടെ പ്രതിനിധികൾ യോഗം ബഹിഷ്‌ക‌രിച്ചു. അതിനിടെ അധ്യാപകർ നൽകിയ ജാമ്യഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കും. ചൊവ്വാഴ്ച പരിഗണിക്കാനാണ് നേരത്തേ തീരുമാനിച്ചതെങ്കിലും ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പ്രതികൾക്കെതിരായ സാക്ഷിമൊഴികളും സി.സി ടി.വി ദൃശ്യങ്ങളും അടങ്ങുന്ന കേസ് ഡയറി അന്വേഷണ സംഘം ഹൈകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.