കുണ്ടറ: പ്രദേശത്തെ മത്സ്യകച്ചവടവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പരാതികൾക്കും കാൽനൂറ്റാണ്ടിലധികം പഴക്കം. ആർജവമുണ്ടെങ്കിൽ ഒരുദിവസം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നം തെരുവോരം മുഴുവൻ മലിനമാക്കി തുടരുമ്പോഴും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതൃത്വങ്ങൾക്കും കുലുക്കമില്ല. ദുരിതമനുഭവിക്കുന്നത് മുഴുവനും സാധാരണക്കാരും. മുക്കടയിലും പള്ളിമുക്കിലും കുണ്ടറ പഞ്ചായത്തിെൻറ അധീനതയിൽ പൊതുമാർക്കറ്റുകളുണ്ട്. ഇവിടെ ഗേറ്റ് ഫീയും മറ്റും എല്ലാവർഷവും ലേലംചെയ്ത് സ്വകാര്യവ്യക്തികൾക്ക് മാർക്കറ്റിെൻറ നടത്തിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിന് ആറുമുറിക്കടയിലും പൊതുമാർക്കറ്റുണ്ടെങ്കിലും അത് നിർമിച്ച് ഒരാഴ്ചപോലും തുടർന്ന് പ്രവർത്തിച്ചിട്ടുമില്ല. പഞ്ചായത്തുകൾക്ക് പൊതുമാർക്കറ്റുകൾ നിലവിലുണ്ടായിരിക്കേ കേരളപുരം മുതൽ പള്ളിമുക്ക് വരെ ഒന്നരകിലോമീറ്റർ കൊല്ലം തിരുമംഗലം ദേശീയപാതയോരത്ത് പലയിടങ്ങളിലാണ് അനധികൃത മത്സ്യവ്യാപാരം നടക്കുന്നത്. മുക്കടയിൽ ഇനിയും പഞ്ചായത്ത് പൊളിച്ചുമാറ്റാത്ത താൽക്കാലിക മാർക്കറ്റിന് മുന്നിലും റെയിൽവേഗേറ്റുകൾക്ക് സമീപവും കേരളപുരത്തും ഇ.എസ്.ഐ ജങ്ഷനിലും റെയിൽവേ സ്റ്റേഷന് സമീപവും ആശുപത്രിമുക്കിലും ടെലിഫോൺ എക്സ്ചേഞ്ചിന് സമീപവും പള്ളിമുക്കിലുമാണ് അനധികൃത മത്സ്യവ്യാപാരം പൊടിപൊടിക്കുന്നത്. പഞ്ചായത്ത് മാർക്കറ്റുകളിൽ രാസവസ്തുക്കളിൽ സംസ്കരിച്ച മത്സ്യവിൽപന വ്യാപകമായതോടെയാണ് കടപ്പുറത്തുനിന്നും കായലോരങ്ങളിൽനിന്നും പിടിക്കുന്ന മത്സ്യം അതേദിവസങ്ങളിൽ തെരുവോരങ്ങളിൽ വിൽപനനടത്തി തുടങ്ങിയത്. പച്ച മത്സ്യമായതിനാൽ കച്ചവടം ഉഷാറായി. തെരുവോരത്ത് കച്ചവടം നടത്തുന്ന പലവ്യാപാരികളിൽനിന്നും സമീപത്തെ കടയുടമകൾ വാടകയിനത്തിൽ വലിയതുക ദിവസവും വാങ്ങുന്നുണ്ട്. റെയിൽവേ സ്റ്റേഷനും റെയിൽവേ കീഴ്പാലവും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കച്ചവടം നടത്തുന്നവർ മലിനജലവും മത്സ്യത്തിെൻറ അവശിഷ്ടങ്ങളും സമീപത്ത് തന്നെ നിക്ഷേപിക്കുന്നത് ഗുരുതര മാലിന്യപ്രശ്നം ഉണ്ടാക്കുകയും ചെയ്യുന്നു. തെരുവിൽ വ്യാപാരം കൊഴുത്തതോടെ മുക്കട മാർക്കറ്റിലെ വ്യാപാരം വലിയതോതിൽ കുറയുകയും ചെയ്തു. തെരുവോരത്തെ മത്സ്യകച്ചവടം നിർത്തലാക്കണമെന്നും പഴയ താൽക്കാലിക മാർക്കറ്റ് പൊളിച്ചുമാറ്റണമെന്നും മത്സ്യവ്യാപാരികൾ പഞ്ചായത്തുകളോട് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. പഞ്ചായത്തോ പൊലീസ് അധികൃതരോ ആരോഗ്യവകുപ്പോ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നില്ലെന്ന അരോപണവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.