ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം; തുറക്കാതെ മത്സ്യമാർക്കറ്റ്

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ചന്തയിലെ ആധുനിക മത്സ്യമാർക്കറ്റ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷമായിട്ടും തുറന്നില്ല. 2.40 കോടി രൂപ ചെലവിൽ തീരദേശവികസന കോർപറേഷൻ നിർമിച്ച കെട്ടിടമാണ് മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഉപയോഗമില്ലാതെ നശിക്കുന്നത്. സ്റ്റാളുകൾ, മീൻ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഫ്രീസർ സൗകര്യം, മലിനജലം സംസ്കരിക്കാനുള്ള ട്രീറ്റ്മ​െൻറ് പ്ലാൻറ് തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ലഭിക്കാത്തതിനാലാണ് തുറക്കാത്തതെന്നായിരുന്നു നേരത്തേ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, വൈദ്യുതി ലഭിച്ച് മാസങ്ങളായിട്ടും നടപടിയില്ല. ഉപയോഗിക്കാത്തതുമൂലം ഫ്രീസർ ഉൾപ്പെടെയുള്ളവ നശിക്കാൻ സാധ്യതയുണ്ട്. വെഞ്ഞാറമൂട് ചന്തയിലെ പകുതിയോളം സ്ഥലത്താണ് രണ്ടുനില കെട്ടിടം പണിതത്. ഇവിടെയുണ്ടായിരുന്ന മീൻ ചന്ത കെട്ടിട നിർമാണഭാഗമായി ഒരു മൂലയിലേക്ക് മാറ്റി. ഇവിടത്തെ സ്ഥലദൗർലഭ്യം കച്ചവടക്കാരെയും വാങ്ങാനെത്തുന്നവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നു. മാലിന്യ പ്രശ്നവും രൂക്ഷമാണ്. 64 സ്റ്റാളുകളുള്ള പുതിയകെട്ടിടത്തിൽ മത്സ്യം മാത്രമല്ല പച്ചക്കറികളും ഇറച്ചിയും വിൽക്കാൻ സാധിക്കും. ഇതോടെ ചന്ത ദിവസം ഒഴികെ മറ്റ് ദിവസങ്ങളിൽ കച്ചവടം പൂർണമായും ഈ കെട്ടിടത്തിലാക്കാൻ സാധിക്കും. മഴയത്ത് ചളിവെള്ളത്തിലും പൊരിവെയിലിലും വൃത്തിഹീനമായ സാഹചര്യങ്ങളിൽ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കാനും ഇതുവഴി കഴിയും. നെല്ലനാട് പഞ്ചായത്തി​െൻറ അനാസ്ഥമൂലമാണ് മാർക്കറ്റ് തുറക്കാത്തതെന്ന് കച്ചവടക്കാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.