തിരുവനന്തപുരം: കാപ്പുകാട്ട് രണ്ട് ഡ്രഡ്ജറുകളും പമ്പിങ് തുടങ്ങിയ സാഹചര്യത്തിൽ നഗരത്തിൽ ബുധനാഴ്ച വൈകീട്ടുവരെ ജലനിയന്ത്രണമുണ്ടാകില്ല. ഞായറാഴ്ച കാപ്പുകാട്ടെത്തിച്ച രണ്ടാമത്തെ ഡ്രഡ്ജർ ചൊവ്വാഴ്ചയാണ് പ്രവർത്തിച്ചുതുടങ്ങിയത്. ഡ്രഡ്ജറിെൻറ ഭാഗമായ പൈപ്പുകൾ തമിഴ്നാട്ടിലെ കുളച്ചലിൽനിന്ന് ഞായറാഴ്ച തന്നെ എത്തിച്ചിരുന്നു. രണ്ട് ഡ്രഡ്ജറുകളും പ്രവർത്തനസജ്ജമായതോടെ 44 എം.എൽ.ഡി വെള്ളം നെയ്യാറിൽനിന്ന് നഗരത്തിലേക്കെത്തുന്നുണ്ട്. 20 ദശലക്ഷം ലിറ്റർ വെള്ളം പ്രതിദിനം പമ്പ്ചെയ്യാൻ ശേഷിയുള്ള രണ്ട് പമ്പുകൾ ഗുജറാത്തിൽനിന്ന് ചൊവ്വാഴ്ച കാപ്പുകാടെത്തിച്ചു. ഇവയുടെ ഘടിപ്പിക്കൽ േജാലികൾ ബുധനാഴ്ച ആരംഭിക്കും. പ്രവൃത്തി പൂർത്തിയാകാൻ രണ്ടുദിവസം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇനി പാനൽ ബോർഡാണ് എത്താനുള്ളത്. ജോലികൾ സമയബന്ധിതമായി പൂർത്തിയായാൽ മേയ് ആറ് മുതൽ 100 എം.എൽ.ഡി വെള്ളം പ്രതിദിനം എത്തിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഇൗ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കടുത്ത ജലനിയന്ത്രണമുണ്ടാകില്ലെന്നാണ് നിഗമനം. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടായിട്ടില്ല. നെയ്യാറിൽനിന്ന് വെള്ളമെത്തിക്കാനുള്ള പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയും നഗരത്തിലെ കുടിവെള്ളപ്രതിസന്ധി രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിൽ നേരേത്ത രണ്ട് ദിവസത്തേക്ക് പമ്പിങ് പൂർണമായും പുനഃസ്ഥാപിച്ചിരുന്നു. ഇൗ സമയപരിധി ചൊവ്വാഴ്ച വൈകീട്ട് അവസാനിക്കാനിരിക്കെയാണ് ബുധനാഴ്ച രാവിലെ വരെ നിയന്ത്രണം ഏർപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. തുടർദിവസങ്ങളിലെ കാര്യം ഇന്ന് തീരുമാനിക്കും. നിലവിൽ അരുവിക്കരയിലെ നാല് പമ്പ് ഹൗസുകളിലെ എട്ട് മോട്ടോറുകളും പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ട്. ആദ്യം പകൽ 12 മണിക്കൂർ 50 ശതമാനം നിയന്ത്രണവും അടുത്ത 12 മണിക്കൂർ 100 ശതമാനം പമ്പിങ് നടത്തിയുമായിരുന്നു ക്രമീകരണം. പിന്നീട് നിയന്ത്രണം ഒന്നിടവിട്ട ദിവസങ്ങളിലേക്ക് മാറ്റിയിരുന്നു. ഒരു ദിവസം പൂർണമായും ജല നിയന്ത്രണവും തൊട്ടടുത്ത ദിവസം 100 ശതമാനം പമ്പിങ്ങും. ഇതും ഫലപ്രദമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മൂന്ന് ദിവസം തുടർച്ചയായി പമ്പിങ്ങും അടുത്ത ഒരു ദിവസം പൂർണമായും നിയന്ത്രണവുമേർപ്പെടുത്താൻ ജല അതോറിറ്റി തീരുമാനിച്ചത്. ഇതിനിടെയാണ് ഡ്രഡ്ജർ വഴിയുള്ള പമ്പിങ് ആരംഭിച്ചത്. ഇൗ സാഹചര്യത്തിലാണ് തുടർച്ചയായി അഞ്ചുദിവസം പൂർണമായി പമ്പിങ് നടത്താനുള്ള തുടർനടപടികൾ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം തീരുമാനിക്കാൻ നിശ്ചയിച്ചത്. അതേസമയം, നഗരത്തിൽ പലയിടങ്ങളിലും ചൊവ്വാഴ്ച വെള്ളമെത്തിയില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.