വിതുര: പൊന്മുടിയുടെ വികസന സാധ്യതകള്‍ വിലയിരുത്താന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും രാജുവും സന്ദര്‍ശനം നടത്തി. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പൊന്മുടിയെ ഇക്കോസൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കുകയെന്ന ലക്ഷ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ഡി.കെ. മുരളി എം.എല്‍.എയുടെയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധുവിന്‍െറയും നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് രണ്ടുവട്ട ചര്‍ച്ചകള്‍ ഇതിനകം നടന്നു. അന്ന് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്തു. തെന്മല മാതൃകയില്‍ സാഹസിക ടൂറിസത്തിന് ഇടം നല്‍കുന്ന തരത്തിലുള്ള സാധ്യതകള്‍ പരിശോധിച്ചു. സിപ് ലൈന്‍, മൗണ്ടയ്ന്‍ ക്ളയ്ബിങ്, റാപ്ളിങ്, മൗണ്ടയ്ന്‍ ബൈക്കിങ് എന്നീ സാഹസിക സഞ്ചാര സാധ്യതകളാകാമെന്നാണ് വിലയിരുത്തല്‍. നിലവിലുള്ള വാച്ച് ടവര്‍ നവീകരിച്ച് വനസംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തിലാക്കും. ഇതിനുള്ള ഫണ്ട് ടൂറിസം വകുപ്പാണ് നല്‍കുക. കല്ലാറില്‍നിന്ന് അപ്പര്‍ സാനറ്റോറിയത്തിലേക്ക് ട്രക്കിങ് നടത്തുന്നവര്‍ക്ക് താമസിക്കാനുള്ള പ്രത്യേക സൗകര്യങ്ങള്‍ തീര്‍ക്കും. പ്രാഥമികാരോഗ്യ കേന്ദ്രവും പരിഗണനയിലാണ്. വഴിവിളക്കുകള്‍ സ്ഥാപിക്കും. മതിയായ ബോര്‍ഡുകള്‍ വിവിധ കേന്ദ്രങ്ങളിലായി സ്ഥാപിക്കും. വനസംരക്ഷണസമിതിക്ക് കൂടി ഗുണകരമാകും വിധം ഇവരോടൊപ്പം ഡി.ടി.പി.സി സംയുക്ത സഹകരണാടിസ്ഥാനത്തിലും പദ്ധതികള്‍ നടപ്പാക്കും. നിര്‍മാണത്തിലിരിക്കുന്ന അഞ്ചുനില ടൂറിസം ഗെസ്റ്റ് ഹൗസ് അതിവേഗം പൂര്‍ത്തിയാക്കും. തുടര്‍ നിര്‍മാണത്തിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഉടന്‍ ചേരുന്ന വര്‍ക്കിങ് ഗ്രൂപ് യോഗം അംഗീകാരം നല്‍കാന്‍ ടൂറിസം മന്ത്രി നിര്‍ദേശം നല്‍കി. പൊലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററും ടോയ്ലറ്റും സ്നാക്ബാറും തുടങ്ങും. 11.6 ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. രണ്ടാഴ്ചക്കകം നിര്‍മാണമാരംഭിച്ച് രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് അപ്പര്‍സാനറ്റോറിയത്തില്‍ പരിസ്ഥിതി സൗഹൃദ വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഉപയോഗപ്രദമല്ലാതായിത്തീര്‍ന്ന കെ.ടി.ഡി.സി കെട്ടിടങ്ങളും ഹട്ടുകളും നവീകരിക്കും. പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. കഴിഞ്ഞ എല്‍.ഡി.എഫ് ബജറ്റില്‍ സ്റ്റേഷനും ഹെഡ്കോര്‍ട്ടേഴ്സിനുമായി 85 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പൊന്മുടി റോപ്വേക്ക് 200 കോടിയാണ് വകയിരുത്തിയത്. സമയബന്ധിതമായി നിര്‍മാണ പ്രവൃത്തിയും നവീകരണങ്ങളും പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ ജനപ്രതിനിധികള്‍, ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കും. മന്ത്രിമാരെ കൂടാതെ ഡി.കെ. മുരളി എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്‍റ് പി. ചിത്രകുമാരി, ടൂറിസം വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ രഘുദാസ്, പ്ളാനിങ് ഓഫിസര്‍ സതീഷ്, ഡി.ടി.പി.സി സെക്രട്ടറി ടി.വി. പ്രശാന്ത്, വാര്‍ഡ് അംഗം ജിഷ, കെ. വിനീഷ്കുമാര്‍, ഷാജി മാറ്റാപ്പളളി, വനം, ജലം, പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.