മുട്ടറ മരുതിമലയിലെ വാനരന്മാർ വ്യാപകമായി കൃഷിനശിപ്പിക്കുന്നതായി പരാതി

വെളിയം: വെളിയം ഗ്രാമപഞ്ചായത്തിലെ മുട്ടറ മരുതിമലയിലെ വാനരന്മാർ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി. ഓടനാവട്ടം, ചെറുകരക്കോണം, മുട്ടറ, കട്ടയിൽ, കടയ്ക്കോട് എന്നീ പ്രദേശങ്ങളിലെ വാഴ, മരച്ചീനി, കാച്ചിൽ, ചേമ്പ് തുടങ്ങിയ കൃഷികളാണ് നശിപ്പിക്കുന്നത്. മലയിൽ വാനരന്മാർക്ക് ഭക്ഷിക്കാൻ ആഹാരമില്ലാതായതോടെയാണ് നാട്ടിലേക്കിറങ്ങുന്നത്. ഓടിട്ട വീടുകളിൽ കടന്ന് ആഹാരസാധനങ്ങൾ എടുക്കുന്നത് പതിവാണ്. കതകും ജനാലയും അടച്ചാലും ഓട് ഇളക്കി അകത്ത് കടക്കുന്നതിനാൽ പ്രദേശവാസികൾ ദുരിതത്തിലാണ്. നാട്ടുകാർ പഞ്ചായത്തിനും വനം വകുപ്പിനും പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല. മരുതിമലയിൽ ധാരാളം ഫലവൃക്ഷങ്ങൾ ഉണ്ടായിരുന്നത് എല്ലാം നശിച്ചു. വേനൽകാലത്ത് സാമൂഹികവിരുദ്ധർ കരിഞ്ഞപുല്ലിന് തീയിടുന്നത് പതിവാണ്. തീപടർന്നാണ് ഫലവൃക്ഷങ്ങൾ എല്ലാം നശിച്ചത്. തുടർന്നാണ് കുരങ്ങന്മാർ നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങിയത്. കൂട്ടമായെത്തുന്ന ഇവ നാട്ടുകാരെ ആക്രമിക്കുന്നതും പതിവാണ്. ടാങ്കിൽ ശേഖരിച്ച വെള്ളത്തിൽ കുളിക്കുന്നതും മലമൂത്രവിസർജനം നടത്തുന്നതും പതിവാണ്. ചെറുകരക്കോണത്ത് നൂറോളം കർഷകർ വിവിധ കൃഷികൾ ചെയ്യുന്നുണ്ട്. ഇരുന്നൂറോളം വരുന്ന കുരങ്ങന്മാർ കൃഷി നശിപ്പിച്ചതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അധികൃതർ കുരങ്ങന്മാരെ സംരക്ഷിക്കാനും മലയിൽ ആഹാരം എത്തിക്കാനുമുള്ള സംവിധാനം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.