ബൈക്കുകള്‍ മോഷ്​ടിച്ച് സ്കൂള്‍ കുട്ടികൾക്ക് വിൽക്കുന്ന സംഘം പിടിയിൽ

കാട്ടാക്കട: ബൈക്കുകള്‍ മോഷ്ടിച്ച് സ്കൂള്‍ വിദ്യാർഥികള്‍ക്ക് വാടകക്ക് നല്‍കുന്ന തസ്കര സംഘത്തെ കാട്ടാക്കട പൊലീസ് അറസ്‌റ്റ് ചെയ്തു. മൈലച്ചൽ മൂന്നാറ്റുമുക്ക് പാറക്കടവ് മണ്ണടി വീട്ടിൽ മനോജ് കുമാർ ( 23), കാട്ടാക്കട അറവൻകോണം അരുവാട്ടുകോണം കിഴക്കേക്കര പുത്തൻ വീട്ടിൽ ചന്തു എന്ന അനീഷ് (24 ), പൂവച്ചൽ പുളിങ്കൊട് ഇടപ്പഴിഞ്ഞി മേക്കുംകര വീട്ടിൽ അഖിൽ (24) എന്നിവരാണ് അറസ്റ്റിലായത്. മനോജ് കുമാറാണ് ബൈക്കുകൾ മോഷ്ടിക്കുന്നത്. ഇവ അറ്റകുറ്റപ്പണി ചെയ്ത് വിൽപന നടത്തുന്ന വർക്ക്ഷോപ് ഉടമകളാണ്‌ മറ്റു രണ്ടു പേരുമെന്നും പൊലീസ് പറഞ്ഞു. പ്രധാനമായും മെഡിക്കൽകോളജ് ആശുപത്രിയിലും പരിസരത്തും പാർക്ക് ചെയ്ത ബൈക്കുകളാണ് മോഷ്ടിക്കുക. ശരിയായ രേഖകൾ വാഹനങ്ങളിൽ തന്നെ ഉള്ള വണ്ടികൾ പേര് മാറ്റി വലിയ വിലയ്ക്ക് വിൽക്കും. അല്ലാെത ഉള്ളവ സ്‌കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളെ കണ്ടെത്തി അവർക്ക് കുറഞ്ഞ വിലയ്ക്ക് നൽകും. ഇതായിരുന്നു സംഘത്തി​െൻറ രീതി. ഇത്തരത്തിൽ 20 ലേറെ ബൈക്കുകൾ വിൽപന നടത്തിയതായി കണ്ടെത്തി. തമ്പാനൂർ, പാളയം, മുറിഞ്ഞപാലം എന്നിവിടങ്ങളിൽനിന്ന് സംഘം ബൈക്കുകൾ മോഷ്ടിച്ചിട്ടുണ്ട്. കാട്ടാക്കട പ്ലാവൂർ സ്‌കൂൾ കേന്ദ്രീകരിച്ച് കുട്ടികൾ ബൈക്കുകൾ സ്ഥിരമായി കൈകാര്യം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടവർ റൂറൽ പൊലീസ് മേധാവിക്ക് നൽകിയ രഹസ്യ വിവരമാണ് മോഷണസംഘത്തെ പിടിക്കാൻ സഹായകമായത്. മൊബൈൽ ഫോൺ പ്രതിഫലമായി വാങ്ങി വരെ സംഘം കുട്ടികൾക്ക് ബൈക്കുകൾ നൽകിയതായും പൊലീസ് പറഞ്ഞു. ബൈക്കുകൾ പൊളിച്ചു വിൽപന നടത്തിയതായും സംശയമുണ്ട്. സി.ഐമാരായ അനുരൂപ്, ജയകുമാർ, കാട്ടാക്കട എസ്.ഐ.ഡി ബിജു കുമാർ, എസ്.ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ് കുമാർ, ഷാജിത്, പ്രദീപ് ബാബു, പ്രശാന്ത്, സുധീഷ്, അനിൽ കുമാർ എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ അറസ്‌റ്റ്‌ ചെയ്തത്. പ്രതികളെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.