തിരുവനന്തപുരം: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ പരക്കെ നാശനഷ്ടം. പലയിടത്തും മരങ്ങൾ കടപുഴകി. വരും ദിവസങ്ങളിലും കാലവർഷം ശക്തമാകുമെന്നാണ് വിലയിരുത്തൽ. തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണവും അനുഭവപ്പെട്ടു. ശക്തമായ മഴയിൽ നഗരത്തിൽ നിരവധിയിടങ്ങളിലാണ് മരങ്ങൾ കടപുഴകിയത്. കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നഗരത്തിൽ മാത്രം 16 സ്ഥലങ്ങളിൽ ശനിയാഴ്ച മരംവീണു. ആളപായമില്ല. മണ്ണാമൂല ജങ്ഷൻ, പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപം, വെള്ളയമ്പലം ആൽത്തറ ക്ഷേത്രത്തിന് സമീപം, പേരൂർക്കട എസ്.എ.പി ക്യാമ്പ്, ലോ കോളജ് ജങ്ഷൻ, പ്ലാമൂട് വിവേകാനന്ദ നഗർ, പാങ്ങോട് ചിത്രാനഗർ, കുറവൻകോണം, ഗോൾഫ് ലിങ്സ് െലെൻ, നന്ദാവനം എ.ആർ. ക്യാമ്പ്, പൂജപ്പൂര ബധിര വിദ്യാലയം, വട്ടിയൂർക്കാവ്, വേളി ടൈറ്റാനിയത്തിന് സമീപം, പേട്ട എൽ.പി സ്കൂൾ, ചാക്ക എൽ.പി സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലാണ് മരംവീണത്. വേളി ടൈറ്റാനിയത്തിന് സമീപം വീണ മരം മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തകർത്തു. ഇവിടെ വൈദ്യുതി ബന്ധവും തകരാറിലായി. അരമണിക്കൂറിലധികം ശ്രമിച്ചാണ് ചാക്കയിൽനിന്ന് എത്തിയ ഫയർഫോഴ്സ് സംഘം മരം മുറിച്ച് നീക്കിയത്. പട്ടം, വെള്ളയമ്പലം, മണ്ണാമൂല തുടങ്ങിയ സ്ഥലങ്ങളിൽ മരംവീണത് ഗതാഗതക്കുരുക്കിനും വഴിെവച്ചു. വട്ടിയൂർക്കാവിൽ ഒരു വീടിന് മുകളിൽ അപകടാവസ്ഥയിൽ പാറ നിൽക്കുന്നതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ചെങ്കൽചൂളയിൽനിന്ന് ഫയർഫോഴ്സ് എത്തി വീട്ടുകാരെ ഒഴിപ്പിച്ചു. മഴ ശക്തമായി തുടരുന്നതിനാൽ വെള്ളക്കെട്ടിനും കുറവില്ല. വെള്ളിയാഴ്ച രാത്രി മ്യൂസിയത്തിന് സമീപം മതിൽ ഇടിഞ്ഞുവീണു. മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം കനക നഗറിലേക്ക് പോകുന്ന റോഡിലാണ് മതിൽ തകർന്നത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കുന്നുക്കൂഴി ജങ്ഷനിൽ വെള്ളിയാഴ്ച രാത്രി ഓട്ടോക്ക് മുകളിൽ മരംവീണു. കരമന മേലാറന്നൂരിൽ റോഡിലേക്ക് കൂറ്റൻ മരംവീണ് ഗതാഗത തടസ്സമുണ്ടായി. തമ്പാനൂർ, കരമന പാലം, പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. ഇതുമൂലം വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ട് നേരിട്ടു. ഓടകൾ പലതും നിറഞ്ഞ് കവിെഞ്ഞാഴുകുന്നത് വാഹനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. മിക്ക ഒാടകളിലും തടസ്സമുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ നഗരം എലിപ്പനി ഭീഷണിയിലുമാണ്. മഴയെത്തിയതോടെ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.