നെയ്യാറ്റിൻകര: സമാന്തര സർവിസ് വാഹനം പിടികൂടുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ തടയുന്നത് പതിവാകുന്നു. ബുധനാഴ്ച മൂലകോണത്ത് മോട്ടോർ വാഹനവകുപ്പ് പിടികൂടിയ സമാന്തര സർവിസ് വാഹനം മോചിപ്പിക്കാനുണ്ടായ ശ്രമമാണ് അവസാനത്തേത്. പരിശോധനക്ക് മോട്ടോർ വാഹന വകുപ്പിനെ സഹായിക്കുന്നതിന് പൊലീസുണ്ടെങ്കിലും വാഹനം തടയൽ പതിവായിരിക്കുകയാണ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് കാരണം വാഹനപരിശോധന നിർത്തുവാനുള്ള രഹസ്യചർച്ചയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ നടക്കുന്നുണ്ട്. ഭരണപക്ഷത്തെ അംഗങ്ങൾ തന്നെ വാഹനം തടയുന്നതാണ് മോട്ടോർ വാഹന വകുപ്പിനും പൊലീസിനും തലവേദനയാകുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ രണ്ട് മാസം മുമ്പ് അമരവിളയിൽ തടഞ്ഞ് മർദിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച തൊഴുക്കൽ പ്രദേശത്ത് സമാന്തര സർവിസ് വാഹനങ്ങളെ പിടികൂടിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് വാഹനം മോചിപ്പിക്കാൻ ശ്രമമുണ്ടായി. നെയ്യാറ്റിൻകര നഗരസഭയിലെ ഭരണപക്ഷത്തെ കൗൺസിലറാണ് വാഹനം തടയലിന് ഒത്താശ നൽകിയത്. ദേശീയപാതയുൾപ്പെടെ സമാന്തര സർവിസുകൾ കൈയേറി കെ.എസ്.ആർ.ടി.സിയുടെ വരുമാനം കുറയുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് നിയമസഭാ സബ്ജറ്റ് കമ്മിറ്റി നിർദേശപ്രകാരം രൂപവത്കരിച്ച സ്പെഷൽ സ്ക്വാഡിനെയാണ് നെയ്യാറ്റിൻകരയിൽ ഭരണപക്ഷത്തെ നേതാക്കൾ തടഞ്ഞത്. സ്ക്വാഡിെൻറ പ്രവർത്തനം ആദ്യഘട്ടത്തിൽ കർശനമായിരുന്നങ്കിലും പിന്നിട് തോന്നിയപടിയായതോടെ സമാന്തര സർവിസ് നിരത്ത് ൈകയടക്കി. സമാന്തര സർവിസ് നിയന്ത്രിക്കാൻ സാധിക്കാതായതോടെ കെ.എസ്.ആർ.ടി.സിക്ക് ദിനംപ്രതി നഷ്ടം വർധിക്കുന്നു. അനധികൃതമായി തിരുവനന്തപുരത്തിെൻറ തെക്കൻ പ്രദേശങ്ങളിലോടുന്ന സമാന്തര സർവിസ് വാഹനങ്ങളുടെ നമ്പർ ഉൾപ്പെടെ കെ.എസ്.ആർ.ടി.സിയിലെ ഇടത് സംഘടനകളുടെ കൂടി നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്കും എം.ഡിക്കും പരാതിനൽകിയിരുന്നു. തുടർന്നാണ് നിറുത്തി െവച്ച പരിശോധന കഴിഞ്ഞയാഴ്ച ആരംഭിച്ചത്. നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിന് സമീപവും നെയ്യാറ്റിൻകര ആശുപത്രി ജങ്ഷന് സമീപവുമാണ് അനധികൃത സർവിസ് വ്യാപകമായത്. സമാന്തര സർവിസ് ശക്തിപ്രാപിച്ചതോടെ കെ.എസ്.ആർ.ടി.സിയുടെ നഷ്ടവും വർധിക്കുകയാണ്. കഴിഞ്ഞമാസം ശക്തമായ നടപടി സ്വീകരിച്ചതോടെ എഴുലക്ഷം രൂപയായിരുന്ന വരുമാനം 11 ലക്ഷം രൂപയായി വർധിച്ചിരുന്നു. സമാന്തര സർവിസ് വാഹനങ്ങളെ പിടികൂടുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സമാന്തര സർവിസുകാരും പാർട്ടിക്കാരും നേരിടാൻ തുടങ്ങിയതോടെ പരിശോധനയും നിലച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.