കൊല്ലം: സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിത നഴ്സിനുനേരെ പുരുഷ ഡോക്ടർ തെറിയഭിഷേകം നടത്തിയതായി പരാതി. സംഭവം നഴ്സിങ് ജീവനക്കാരുടെ സംഘടന ഏറ്റെടുക്കുകയും ജില്ലയിലൊട്ടാകെ കരിദിനം ആചരിക്കുകയും ചെയ്തതോടെ ഡോക്ടർ മാപ്പുപറഞ്ഞ് തടിയൂരി. ബുധനാഴ്ച മേവറം ബൈപാസ് റോഡിലുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന് നേരെയാണ് കൊല്ലം സ്വദേശിയായ ഡോക്ടർ കേട്ടാൽ അറയ്ക്കുന്നരീതിയിൽ തെറിയഭിഷേകം നടത്തിയെന്നാണ് പരാതി. ഒാപറേഷൻ കഴിഞ്ഞ രോഗിയെ വാർഡിലേക്ക് മാറ്റാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ഡോക്ടർ വിളിച്ചെങ്കിലും ഇൗസമയം വാർഡിൽ 25ഒാളം രോഗികളുണ്ടായിരുന്നതിനാൽ നഴ്സ് വരാൻ താമസിച്ചു. ഇതിൽ ക്ഷുഭിതനായാണ് മോശമായി പെരുമാറിയതെന്നാണ് പരാതി. തുടർന്ന് വ്യാഴാഴ്ച യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ (UNA) നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ മുഴുവൻ സ്വകാര്യ ആശുപത്രിയിലും കരിദിനം ആചരിച്ചു. നഴ്സുമാർ കറുത്ത ടാഗ് അണിഞ്ഞാണ് ജോലിക്കെത്തിയത്. സംഭവം വിവാദമാകുമെന്ന് കണ്ടതോടെ ഡോക്ടർ മാപ്പുപറഞ്ഞു. ഇതു സംബന്ധിച്ച് പ്രതികരിക്കാൻ മാനേജ്മെൻറ് വിസമ്മതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.