തിരുവനന്തപുരം: ഇത്തവണത്തെ ഓണം ജൈവ പച്ചക്കറി സമ്പുഷ്ടമാക്കാൻ കുടുംബശ്രീയും. സംഘക്കൃഷി ഗ്രൂപ്പുകൾ വഴി 4000 ടൺ പച്ചക്കറി ഉൽപാദിപ്പിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഓണം വിപണി ലക്ഷ്യമിട്ട് വിവിധ കാർഷികവിളകൾ ഉൽപാദിപ്പിക്കുന്നതിൽ സജീവമാണ് സംസ്ഥാനത്തെ അമ്പതിനായിരത്തിലേറെ കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകൾ. കൃഷിയിലൂടെ ഭക്ഷ്യ സ്വാശ്രയത്വം നേടുക, പഞ്ചശീല കാർഷിക-ആരോഗ്യ സംസ്കാരം വളർത്തുക എന്നീ ലക്ഷ്യങ്ങളുമായി നടത്തുന്ന സംഘകൃഷിയിലൂടെ വർഷം മുഴുവൻ സംസ്ഥാനത്തിനാവശ്യമായ പച്ചക്കറി ലഭ്യമാക്കാനാകുമെന്നാണ് കുടുംബശ്രീയുടെ പ്രതീക്ഷ. കുടുംബശ്രീ ഇത്തവണ 1800ലധികം ഓണച്ചന്തകൾ സംഘടിപ്പിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണിത്. ആഗസ്റ്റിൽ സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് തലത്തിലും ആഴ്ചയിൽ മൂന്നുദിവസം ഓണം പച്ചക്കറി വിപണനമേള സംഘടിപ്പിക്കും. സംഘകൃഷി ഗ്രൂപ്പുകൾ നിലവിൽ 44,475 ഹെക്ടറിൽ കൃഷി നടത്തുന്നുണ്ട്. പച്ചക്കറികളും മറ്റ് ഉൽപന്നങ്ങളും അതത് പ്രദേശത്ത് തന്നെ വിപണനം നടത്തും. കൃഷിയോടൊപ്പം ഫലപ്രദമായ മാലിന്യ സംസ്കരണം, പ്രാദേശിക ജലേസ്രാതസ്സുകളെ സംരക്ഷിച്ച് ഉപയോഗപ്രദമാക്കൽ എന്നിവയും ലക്ഷ്യമിടുന്നു. ഇതിനായി വിവിധ വകുപ്പുകളുടെയും സാമൂഹിക, പാരിസ്ഥിതിക സംഘടനകളുടെയും സഹകരണവും സജീവ പങ്കാളിത്തവും ഉറപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.