നഗരത്തിൽ വീണ്ടും ലക്ഷങ്ങളുടെ മൊബൈൽ കൊള്ള

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ മൊബൈൽ ഫോൺ ഷോറൂമിൽ 20 ലക്ഷത്തോളം രൂപയുടെ വൻ കവർച്ച. 19 ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോണുകളും 1,91,000 രൂപയും കവർന്നു. വ്യാഴാഴ്ച അതിരാവിലെയാണ് ഓവർ ബ്രിഡ്ജിനു സമീപത്തെ ഫോൺ ഫോർ ഷോറൂമിൽനിന്ന് മോഷണം നടന്നത്. ഏഴംഗ സംഘമാണ് കവർച്ച നടത്തിയത്. സംസ്ഥാനത്താകെ 35 ഷോറൂമുകളുള്ള ശൃംഖലയാണിത്. ഇവർക്കു നഗരത്തിൽതന്നെ നാലു കടകളുണ്ട്. മോഷണം നടന്നത് പ്രധാന ഷോറൂമിലാണ്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലെ മോത്തിഹാരി സ്വദേശികളാണ് മോഷണ സംഘത്തിലുള്ളതെന്നാണ് പ്രാഥമിക വിവരം. മോഷണത്തി‍​െൻറ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വിലകൂടിയ ഫോണുകൾ െതരഞ്ഞുപിടിച്ചായിരുന്നു കവർച്ച. ആപ്പിൾ, സാംസങ്, ഒപ്പോ എന്നീ ബ്രാൻഡുകളുടെ ഫോണുകൾ മാത്രമാണ് കവർന്നത്. കവറിൽ നിന്നു നീക്കി ഫോൺ മാത്രമായി എടുക്കുകയായിരുന്നു. ചാർജർ, ഹെഡ്സെറ്റ് എന്നിവ എടുത്തിട്ടില്ല. വില കുറഞ്ഞ ഫോണുകളും മറ്റു ബ്രാൻഡുകളും വാരിവലിച്ചിട്ടനിലയിലായിരുന്നു. പ്രദർശനത്തിനായി കൗണ്ടറുകളിൽ സൂക്ഷിച്ചിരുന്ന ഡെമോ ഫോണുകളും എടുത്തിട്ടില്ല. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം പൊലീസിനെ അറിയിച്ചത്. കടയിലെയും സമീപകടകളിലെയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഏഴംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് കണ്ടെത്തിയത്. ഇവർക്കു വേണ്ടി പൊലീസ് റെയിൽവേ സ്റ്റേഷനുകളിലെയും എയർപോർട്ടുകളിലെയും കാമറകളും ഹോട്ടലുകളും പരിശോധിച്ച് വരുകയാണ്. ഷോറൂമി‍​െൻറ പൂട്ടുപൊളിക്കാതെ ഷട്ടർ വലിച്ചുപൊക്കിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. നീളത്തിലുള്ള ഷട്ടറി​െൻറ നടുഭാഗം ഉയർത്തി സംഘത്തിലെ മെലിഞ്ഞയാൾ അകത്തേക്ക് ഉരുണ്ടു കയറുകയായിരുന്നു. മോഷണത്തിനെത്തിയതും തിരിച്ചുപോയതും നടന്നുതന്നെയെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. അതേസമയം, മോഷണത്തിനു ശേഷം കടയ്ക്ക് പുറത്തിറങ്ങിയ മോഷ്ടാക്കൾക്ക് സമീപത്തുകൂടി പൊലീസ് ജീപ്പ് കടന്നുപോകുന്നതും സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ഒരാഴ്ചയായി കേരളത്തിൽ പലയിടത്തും മൊബൈൽ കടകളിൽ നടന്ന മോഷണത്തിനു പിന്നിലും ഇതേ സംഘമാണെന്നാണ് പൊലീസ് കരുതുന്നത്. അഞ്ചു ദിവസം മുമ്പ് തമിഴ്നാട് പൊലീസിലെ ക്യൂ ബ്രാഞ്ച് വിഭാഗം ഇത്തരം സംഘത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി പറയുന്നു. എറണാകുളം പാലാരിവട്ടത്ത് ഈ മാസം 22നും കൊല്ലത്ത് 24നും സമാന രീതിയിലും മോഷണം നടന്നിരുന്നു. യഥാക്രമം 18 ലക്ഷത്തി​െൻറയും 13 ലക്ഷത്തി‍​െൻറയും മോഷണമാണ് നടന്നത്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വഞ്ചിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസിന് മുക്കിലും മൂലയിലും കാമറകൾ, പക്ഷേ, രാത്രി കാഴ്ചകൾ മങ്ങിത്തന്നെ തിരുവനന്തപുരം: നഗരത്തിലെ മുക്കിലും മൂലയിലുമൊക്കെ സിറ്റി പൊലീസ് കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാതൊരു ഗുണവുമില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ 'മാധ്യമ'ത്തോട് പറഞ്ഞു. രാത്രികാലങ്ങളിൽ വ്യക്തമായ ദൃശ്യം പതിയാത്ത കാമറകളാണ് പൊലീസിനുള്ളത്. ഇതുമൂലം രാത്രിയിൽ എന്തെങ്കിലും അക്രമങ്ങളോ മോഷണങ്ങളോ നടന്നാൽ കടകളിലെ കാമറകളെ ആശ്രയിക്കേണ്ട ഗതികേടാണ്. ഏഴുമാസം മുമ്പ് സമാനരീതിയിൽ ഓവർബ്രിഡ്ജിന് സമീപത്തെ 'ഒപ്പോ' ഷോറൂമിൽ 15 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷണം പോയിരുന്നു. എന്നാൽ, നാളിതുവരെയായിട്ടും ഒരാളെപ്പോലും പിടികൂടാനായിട്ടില്ല. കടയ്ക്ക് സമീപം പൊലീസി‍​െൻറ കാമറ ഉണ്ടായിരുന്നെങ്കിലും അതിലൊന്നും പതിഞ്ഞില്ല. കടയുടെ കാമറകളും മോഷണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രവർത്തനരഹിതമായി. എന്നാൽ, എതിർവശത്തുള്ള കടയിലെ കാമറകൾ പരിശോധിച്ചെങ്കിലും സമീപത്ത് രാഷ്ട്രീയ പാർട്ടിയുടെ ഫ്ലക്സ് സ്ഥാപിച്ചതുമൂലം മോഷ്ടാക്കളുടെ ഒരു തുമ്പുപോലും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥൻ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.