കൊല്ലം: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങൾക്ക് ജി.എസ്.ടി പാരയാകുന്നു. നിർമാണ പ്രവൃത്തികൾക്ക് ചുമത്തേണ്ട നികുതിയെപ്പറ്റി വ്യക്തതയില്ലാത്തതിനാൽ പദ്ധതികളുടെ വിശദ എസ്റ്റിമേറ്റ് തയാറാക്കലും സാങ്കേതിക അനുമതിയും വൈകുകയാണ്. പദ്ധതി നിർവഹണം വിലയിരുത്താൻ ദിവസങ്ങൾക്ക് മുമ്പ് ചേർന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ-ഓഡിനേഷൻ കമ്മിറ്റി യോഗത്തിലും ഇതുസംബന്ധിച്ച് ധാരണയായില്ല. വാറ്റ് പ്രകാരമുള്ള നാലര ശതമാനം നികുതി ഉൾപ്പെടുത്തിയുള്ള എസ്റ്റിമേറ്റാണ് തദ്ദേശ സ്ഥാപനങ്ങൾ ആസൂത്രണ സമിതിക്ക് നൽകിയത്. വിശദ എസ്റ്റിമേറ്റ് തയാറാക്കൽ ആരംഭിച്ചപ്പോഴാണ് ജി.എസ്.ടി നിലവിൽവന്നത്. ആദ്യം പതിനെട്ടും പിന്നീട് പത്തും ശതമാനം ജി.എസ്.ടി ഉൾപ്പെടുത്താൻ തദ്ദേശ വകുപ്പ് ചീഫ് എൻജിനീയർ നിർേദശം നൽകി. ഇങ്ങനെ തയാറാക്കിയ വിശദ എസ്റ്റിമേറ്റുകളും നേരേത്തയുള്ള പ്രാഥമിക എസ്റ്റിമേറ്റുകളും തമ്മിൽ വലിയ അന്തരമാണുള്ളത്. എസ്റ്റിമേറ്റിൽ തൽക്കാലം നികുതി ഉൾപ്പെടുത്തേണ്ടെന്നാണ് ഒടുവിലത്തെ തീരുമാനം. നഗരസഭകളുടെ വാർഷിക പദ്ധതിയിൽ 80 ശതമാനത്തിന് മുകളിലും പഞ്ചായത്തുകളുടെ 60 ശതമാനത്തോളവും നിർമാണ പ്രവൃത്തികളാണ് നടക്കാനുള്ളത്. എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയാലും ഇല്ലെങ്കിലും ബില്ല് മാറുമ്പോൾ നികുതി നൽകേണ്ടിവരും. നിർമാണ പ്രവൃത്തികളുടെ ജി.എസ്.ടി 18 ശതമാനമായി നിശ്ചയിച്ചാൽ ഇപ്പോൾ അംഗീകാരം ലഭിച്ച പദ്ധതികൾ പലതും ഉപേക്ഷിക്കേണ്ടിവരും. 2016-17 സാമ്പത്തിക വർഷത്തിൽ പദ്ധതി തുകയുടെ 56.49 ശതമാനം മാത്രമേ മാർച്ച് 31ന് മുമ്പ് ചെലവഴിക്കാനായുള്ളു. ഇത്തവണ 100 ശതമാനം പദ്ധതി നിർവഹണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത്. ഇത്തവണ ജൂൺ പകുതിയോടെ അംഗീകാരം ലഭിച്ചു. ആഗസ്റ്റ് ആദ്യവാരം നിർമാണ പ്രവൃത്തികളുടെ കരാർ നടപടി പൂർത്തിയാക്കി നിർവഹണത്തിലേക്ക് കടക്കാനായിരിക്കെയാണ് ജി.എസ്.ടി പാരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.