ചേരിപ്പോര് രൂക്ഷം; മനോജ്​ എബ്രഹാം ​െഎ.പി.എസ്​ അസോസിയേഷൻ സെക്രട്ടറി സ്​ഥാനം രാജി​െവച്ചു

തിരുവനന്തപുരം: െഎ.പി.എസ് അസോസിയേഷനിൽ ചേരിപ്പോര് രൂക്ഷമായതിനെത്തുടർന്ന് ആറര വർഷമായി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഐ.ജി മനോജ് എബ്രഹാം സ്ഥാനം രാജിെവച്ചു. രാജിക്കത്ത് മനോജ് എബ്രഹാം ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കൈമാറി. കത്ത് ലഭിച്ചതായും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഡി.ജി.പി വ്യക്തമാക്കി. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായിരിക്കെയാണ് മനോജ് എബ്രഹാം അേസാസിയേഷൻ സെക്രട്ടറിയായത്. എന്നാൽ മേനാജ് എബ്രഹാമിനെ ആ സ്ഥാനത്തുനിന്ന് മാറ്റി അസോസിയേഷൻ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ദിവസങ്ങൾക്ക് മുമ്പുണ്ടായി. അസോസിയേഷൻ യോഗം അടിയന്തരമായി വിളിക്കണമെന്നാവശ്യപ്പെട്ട് ആദ്യം എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിൽ നാല് ഉദ്യോഗസ്ഥരും പിന്നീട് എട്ട് യുവ ഐ.പി.എസ് ഉദ്യോഗസ്ഥരും മനോജ് എബ്രഹാമിന് കത്ത് നൽകിയിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരായ ജെ. ജയന്ത്, രാജ്പാൽ മീണ, രാഹുൽ ആർ. നായർ, ആർ. നിശാന്തിനി, പ്രതീഷ്കുമാർ, കാർത്തിക്, ഹരിശങ്കർ, അരുൾ ആർ. ബി. കൃഷ്ണ എന്നിവരാണ് കത്തിൽ ഒപ്പിട്ടിരുന്നത്. പൊലീസിലെ മറ്റ് അസോസിയേഷനുകളിലെല്ലാം ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഐ.പി.എസ് അസോസിയേഷൻ ഇതനുവർത്തിച്ചിരുന്നില്ല. ഡി.ജി.പി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനെയാണ് യോഗം കൂടുമ്പോൾ പ്രസിഡൻറ് സ്ഥാനത്തേക്ക് പിടിച്ചിരുത്തുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും ജനാധിപത്യരീതിയിലുള്ള സംഘടന നേതൃത്വം അസോസിയേഷന് ഉണ്ടാകണമെന്നും ഇതിനായി രഹസ്യബാലറ്റ് തെരഞ്ഞെടുപ്പ് വേണമെന്നുമാണ് ആവശ്യം. 90 ഐ.പി.എസ് ഉദ്യോഗസ്ഥരാണ് സംഘടനയിലെ അംഗങ്ങൾ. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറാണ് സാധാരണ സെക്രട്ടറി സ്ഥാനം വഹിക്കുന്നത്. മനോജ് എബ്രഹാമിന് ശേഷം ടി.ജെ. ജോസ് കമീഷണറായി വന്നെങ്കിലും അദ്ദേഹം ആരോപണ വിധേയനായതിനാൽ മനോജ് എബ്രഹാമിനോട് തുടരാൻ ആവശ്യപ്പെടുകയായിരുന്നു. മനോജ് എബ്രഹാം രാജിെവച്ച സാഹചര്യത്തിൽ സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാറിനെ താൽക്കാലിക സെക്രട്ടറിയായി ഡി.ജി.പി ദിവസങ്ങൾക്കുള്ളിൽ നിയോഗിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതിന് ശേഷമാകും യോഗം ചേർന്ന് ഭാരവാഹികളെ ഒൗദ്യോഗികമായി തെരഞ്ഞെടുക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.