കുളത്തൂപ്പുഴ സി.എച്ച്​.സിയിൽ ഡി.എം.ഒയും സംഘവും മിന്നൽ പരിശോധനക്കെത്തി; ഒപ്പിട്ട്​ മുങ്ങിയവരും ഒന്നിച്ച്​ ഒപ്പിടുന്നവരും പിടിയിൽ

കുളത്തൂപ്പുഴ: പരാധീനതകളിൽ മുങ്ങിയ കുളത്തൂപ്പുഴ സി.എച്ച്.സിയിൽ ഡി.എം.ഒയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. സ്ഥിതി നേരിട്ട് മനസ്സിലാക്കാനും വികസനത്തിനാവശ്യമായ നിർദേശങ്ങൾ സർക്കാറിലേക്ക് സമർപ്പിക്കാനുമായിരുന്നു സന്ദർശനം. എന്നാൽ, പരിശോധനയിൽ രാവിലെ ഡ്യൂട്ടിക്കെത്തി ഒപ്പിട്ട് മുങ്ങുന്നവരെയും ദിവസങ്ങളോളം ജോലിക്കെത്താതിരുന്നശേഷം ഒരുമിച്ച് ഒപ്പിടുന്നവരെയും കണ്ടെത്തി. ഇവരിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കിടത്തിചികിത്സ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും അടിസ്ഥാനസൗകര്യ വികസനം നടത്തണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് സന്ദർശനം. ശനിയാഴ്ച രാവിലെ ജില്ല മെഡിക്കൽ ഓഫിസർ ഷേർളിയുടെ നേതൃത്വത്തിൽ എത്തിയ സംഘം ആശുപത്രിയുടെ ശോച്യാവസ്ഥ നേരിൽകണ്ട് വിലയിരുത്തി. പകർച്ചവ്യാധികളുമായി ദിവസേന നാന്നൂറിൽപരം രോഗികൾ ചികിത്സതേടുന്ന കുളത്തൂപ്പുഴയിൽ നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് വിലയിരുത്തി. മുന്നൊരുക്കങ്ങളില്ലാതെയാണ് കമ്യൂണിറ്റി ഹെൽത്ത് സ​െൻററായി ഉയർത്തി പ്രഖ്യാപനം അധികൃതർ നടത്തിയതെന്നും ആവശ്യമായ രേഖകൾ ആശുപത്രിയിൽ ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി. ആവശ്യമായ തസ്തികകളും സൃഷ്ടിച്ചിരുന്നില്ല. ഇതിനാൽ ജീവനക്കാരും കുറവാണ്. അടിസ്ഥാനസൗകര്യങ്ങൾ ഒരുേക്കണ്ടത് ബ്ലോക് പഞ്ചായത്ത് അധികൃതരാണെന്നും നിലവിലെ തിരക്ക് പരിഗണിച്ച് ഒരു ഡോക്ടറെയും മറ്റു ജീവനക്കാരെയും നിയമിക്കാൻ ബ്ലോക് പഞ്ചായത്ത് മുൻകൈയെടുക്കണമെന്നും ഡി.എം.ഒ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യം നേരിടുന്നതിനായി പഞ്ചായത്തിന് വേണമെങ്കിലും നിയമനം നടത്താമെന്നും അനുമതി ഡയറക്ടറേറ്റിൽനിന്ന് വാങ്ങിനൽകാമെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറിനോടും ഡി.എം.ഒ സൂചിപ്പിച്ചു. തകർച്ചയിലായ കെട്ടിടങ്ങൾ പൊളിച്ചുനീക്കി പ്രത്യേക ആശുപത്രി ബ്ലോക് നിർമിക്കുന്നതിന് ആവശ്യമായ നിർദേശം സർക്കാറിന് സമർപ്പിക്കുമെന്നും സംഘം അറിയിച്ചു. ലക്ഷങ്ങൾ മുടക്കി നിർമിച്ച ലാബ് അടച്ചിട്ടതായും ആശുപത്രിയിലെ മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്നതിന് ജീവനക്കാർ തയാറാകുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകുന്നതിന് മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.