കൊച്ചി: 'മൊതലാളിക്ക് മനസ്സിലായില്ലേ... സ്രാവാണിത് വമ്പൻ സ്രാവ്...' ദിലീപ് നായകനായ 'പഞ്ചാബി ഹൗസ്' സിനിമയിൽ മീൻ പിടിക്കാൻ പോയി വന്നപ്പോൾ വലയിൽ കുടുങ്ങിയ ദിലീപിെൻറ കഥാപാത്രത്തെ ചൂണ്ടി ഹരിശ്രീ അശോകൻ കൊച്ചിൻ ഹനീഫയോട് പറയുന്ന രംഗം ട്രോളായപ്പോൾ വന്ന ഡയലോഗാണിത്. അറസ്റ്റോടെ ദിലീപിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയാണ്. ദിലീപ് ചിത്രങ്ങളുടെ പേരുകളും രംഗങ്ങളും ഡയലോഗുകളുമെല്ലാം അതിന് അതിരുകളില്ലാത്ത പരിഹാസത്തിെൻറ മുന നൽകുന്നു. 'വെൽക്കം ടു സെൻട്രൽ ജയിൽ' എന്ന സിനിമ പേര് അറംപറ്റിയല്ലോ..., പട്ടാള സിനിമയിൽ അഭിനയിച്ച മോഹൻലാലിന് ലഫ്. കേണൽ, 'വെൽകം ടു സെൻട്രൽ ജയിലി'ൽ അഭിനയിച്ച ദിലീപിന് ജയിൽ... ഇങ്ങനെപോകുന്നു ട്രോളുകളിലെ പരിഹാസം. തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് വിവരം പുറത്തുവന്ന് മിനിറ്റുകൾക്കകമാണ് ജനപ്രിയ നടനെതിരെ സമൂഹ മാധ്യമങ്ങളിൽ ആക്ഷേപവും അമർഷവും നിറഞ്ഞുതുടങ്ങിയത്. നൂറുകണക്കിന് ട്രോളുകൾ ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലുമായി വൈറലായി പറക്കുന്നു. ദിലീപിെൻറ സിനിമകളിലെ രംഗങ്ങൾതന്നെ ആവശ്യത്തിനുള്ളതിനാൽ ട്രോൾ നിർമിക്കാൻ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. പഞ്ചാബി ഹൗസ്, വെൽകം ടു സെൻട്രൽ ജയിൽ, കല്യാണ രാമൻ, കിങ് ലയർ എന്നീ സിനിമകളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. 'ജനപ്രിയൻ അങ്ങനെ ജയിൽപ്രിയനായി', 'വെൽകം ടു സെൻട്രൽ ജയിൽപോലെയായിരിക്കും അല്ലെ ഈ ജയിലും'..ഇങ്ങനെ യാണ് ചിലരുടെ കമൻറുകൾ. 'കിങ് ലയർ' സിനിമ ഒരു പെരും നുണയെൻറ കഥ എന്ന ശീർഷകത്തോടെയാണ് പുറത്തിറങ്ങിയത്. ഇത് കൃത്യമായി മാറിയെന്നും പരിഹാസമുണ്ട്. ദിലീപിെൻറ റസ്റ്റോറൻറായ 'ദേ പുട്ടി'ന് നേരെയുമുണ്ടായി ട്രോൾ ആക്രമണം. 'ദേ പെട്ടു', 'ദേ ഗോതമ്പുണ്ട' എന്നിങ്ങനെയാണ് ട്രോളർമാർ നൽകിയ പേരുകൾ. ദിലീപിനെ ന്യായീകരിച്ച ഇന്നസെൻറ്, ഗണേഷ്കുമാർ, മുകേഷ്, കുക്കു പരമേശ്വരൻ എന്നിവർക്കും പരിഹാസം ഏറ്റുവാങ്ങേണ്ടിവന്നു. ട്രോളുകൾ കൂടാതെ മെസേജുകളായും പ്രസ്താവനകളായും മറ്റും നിരവധി പേർ സിനിമക്കാർക്കെതിരെ രംഗത്തെത്തി. ഇവരുടെ സംഘടനയുടെ പേര് അമ്മയെന്നത് മാറ്റി മാഫിയ (മലയാളം ആക്ടേഴ്സ് ഫിലിം ഇൻഡസ്ട്രീസ് അസോസിയേഷൻ) എന്നാക്കണമെന്നാണ് ഇതിലൊന്ന്. ജോർജേട്ടൻസ് പൂരം സിനിമയിലെ ഒടുവിലെ യാത്രക്കായിന്ന് എന്ന പാട്ടിൽ ജനപ്രിയ നായകൻ പോകുന്നു എന്ന വാക്കുകൾ ചേർത്താണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.