പുനലൂർ: കൊല്ലം--ചെങ്കോട്ട റെയിൽപാതയിലെ കരിങ്കല്ലിൽ തീർത്ത കഴുതുരുട്ടി പതിമൂന്ന് കണ്ണറപാലം ചിത്രങ്ങളാൽ മോടിപിടിപ്പിക്കും. ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് ഇറ്റാലിയൻ നിർമാണ ശൈലിയിൽ ബ്രിട്ടീഷ് എൻജിനീയർമാരുടെ മേൽനോട്ടത്തിലാണ് ഈ പാലം നിർമിച്ചത്. മീറ്റർഗേജായിരുന്ന പാത ബ്രോഡ്ഗേജാക്കിയതോടെ ബലപ്പെടുത്താനായി കരിങ്കൽ തൂണുകളടക്കം ജാക്കറ്റ് ചെയ്തു. പഴയ കരിങ്കല്ലിെൻറ മനോഹാരിത വീണ്ടെടുക്കാൻ തൂണുകളിലെ ജാക്കറ്റിന് പുറത്ത് ചെത്തിമിനുക്കിയ കരിങ്കൽ പാളികൾ ഒട്ടിച്ചിട്ടുണ്ട്. കരിങ്കൽ പാകാൻ കഴിയാത്ത ആർച്ചുകളിലാണ് ചിത്രങ്ങൾ ആലേഖനം ചെയ്യുക. ഇതിെൻറ മുന്നോടിയായി സിമൻറിനുമേൽ നിറമടിക്കാൻ തുടങ്ങി. ഈ പാലത്തിെൻറ പൈതൃകം സംരക്ഷിക്കണമെന്ന് സമരസമിതി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ എ.ടി. ഫിലിപ് ചെെന്നെയിലെത്തി റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സുധാകർ റാവു, ചീഫ് എൻജിനീയർ രവീന്ദ്രബാബു എന്നിവരോട് ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് ചിത്രങ്ങളെക്കുറിച്ച് അധികൃതർ അറിയിച്ചത്. പാലത്തിെൻറ ഇരുവശങ്ങളിലും തൂണുകളിലും കല്ലുപാകൽ പൂർത്തിയായി. കർണാടകയിലെ കൃഷ്ണഗിരിയിൽനിന്നുള്ള പ്രത്യേകതരം കല്ലുകളാണ് ഇതിന് ഉപയോഗിച്ചത്. ഇതിനായി നാലുകോടി ചെലവിട്ടു. പാലത്തിെൻറ തറയിലും കല്ലുകൾ പാകി മനോഹരമാക്കണമെന്ന ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.