ഒാച്ചിറ: ഭാര്യ പ്രസവിച്ചതറിഞ്ഞ് കുഞ്ഞിനെ കാണാൻ ആശുപത്രിയിലെത്തിയ ഭർത്താവും ഭാര്യവീട്ടുകാരും തമ്മിൽ വാക്കുതർക്കവും അടിപിടിയും. അഞ്ചുപേർക്ക് പരിക്കേറ്റു. ഭാര്യയുടെ ബന്ധുക്കളായ ഇടക്കുളങ്ങര പറങ്കാംമൂട്ടിൽ മജീദ് (40), പാലമുറ്റത്ത് മുഹമ്മദ് ഇർഷാദ് (27), കൊട്ടുകാട് രജീന മൻസിലിൽ ആരിഫ (45), ബിസ്മി മൻസിലിൽ ആബിദ (35), ഇടക്കുളങ്ങര പാലമുക്ക് നിഷാന (23) എന്നിവർക്കാണ് അടിയും ചവിട്ടുമേറ്റ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയിൽ ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇടക്കുളങ്ങര പാലമുറ്റത്ത് ഇക്ബാൽ-സുഹ്റ ദമ്പതികളുടെ മകൾ ഇർഷാനയും (25) കൊട്ടുകാട് മുള്ളിയിൽ കിഴക്കതിൽ അൻവർഷായും (32) 2016 മേയിലാണ് വിവാഹം കഴിച്ചത്. യുവതി ഗർഭിണിയായതിന് ശേഷം ഇവർ തമ്മിൽ കലഹമാകുകയും ഭർത്താവ് ഭാര്യയെ വീട്ടിൽ കൊണ്ടുവിടുകയും ചെയ്തു. ഇതിനെതുടർന്ന് ചവറ പൊലീസ് സ്റ്റേഷനിൽ രണ്ട് കൂട്ടരും നൽകിയ കേസുകളും നിലവിലുണ്ട്. എന്നാൽ, വെള്ളിയാഴ്ച മൂന്നോടെ ഭാര്യ പ്രസവിച്ചതറിഞ്ഞ് രാത്രിയിൽ ആശുപത്രിയിലെത്തി കുഞ്ഞിനെ കാണാൻ ആവശ്യപ്പെട്ടു. ഇതാണ് സംഘർഷത്തിന് കാരണം. ഇയാളും കൂട്ടാളികളും ചേർന്ന് ഭാര്യവീട്ടുകാരെ ക്രൂരമായി മർദിച്ചതായി പറയുന്നു. തടസ്സംപിടിച്ച ആശുപത്രി ജീവനക്കാർക്കും അടികിട്ടി. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഉൾപ്പെടെ നാലുപേരുടെ പേരിൽ ഒാച്ചിറ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ കാണാൻചെന്ന തങ്ങളെ മർദിച്ചതായി കാണിച്ച് ഭർത്താവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.