നെടുമങ്ങാട്: വില്ലേജ് ഒാഫിസെന്ന് കേൾക്കുേമ്പാെഴ പലരും നെറ്റിചുളിക്കും. എന്നാൽ മുൻധാരണയുമായി കരകുളം വില്ലേജ് ഓഫിസിലെത്തിയാൽ അമ്പരക്കും. അടിസ്ഥാനസൗകര്യങ്ങളിലും ജനസേവനത്തിലും മാതൃകയായി മാറുകയാണ് ഈ വില്ലേജ് ഓഫിസും ജീവനക്കാരും. ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന ഫയലുകളില്ല, കെട്ടിക്കിടക്കുന്ന അപേക്ഷകളില്ല. ഓഫിലെത്തുന്നവരോട് ജീവനക്കാരുടെ മാന്യമായ പെരുമാറ്റം. ആവശ്യങ്ങളുമായി എത്തുന്നവരോട് 'ഇന്നുവാ നാളെവാ' എന്ന പതിവ് സർക്കാർ ഓഫിസുകളിലെ രീതി ഇവിടെ അപ്രത്യക്ഷം. യഥാർഥവിവരങ്ങളും അവശ്യരേഖകളും നൽകിയാൽ ഉടനടി സർട്ടിഫിക്കറ്റുകളും രേഖകളും റെഡി. സ്ഥലപരിശാധനക്ക് കൃത്യ തീയതിയും സമയവും നിശ്ചയിച്ചുനൽകും. അതനുസരിച്ച് കൃത്യസമയത്ത് ഫോണിലൂടെ വിവരം നൽകി ഉദ്യോഗസ്ഥൻ സ്ഥലത്തെത്തും. എട്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള കരകുളം വില്ലേജ് ഓഫിസ് അടുത്ത കാലംവരെ സ്ഥലപരിമിതികളിൽ കുടുങ്ങിയാണ് പ്രവർത്തിച്ചിരുന്നത്. പുതുതായി നിർമിച്ച മന്ദിരം കഴിഞ്ഞ ഏപ്രിലിൽ ഉദ്ഘാടനം ചെയ്തതോടെ ആ അവസ്ഥക്ക് പരിഹാരമായി. പുതിയമന്ദിരത്തിൽ പൊതുജനങ്ങൾക്ക് കിട്ടേണ്ട സേവനംകൂടി മെച്ചപ്പെടണമെന്ന ചിന്ത, വില്ലേജ് ഓഫിസർ എസ്.എ. ജലീലിെൻറ നേതൃത്വത്തിലുള്ള ജീവനക്കാരിൽ വളർന്നതോടെ വില്ലേജ് ഓഫിസിെൻറ അന്തരീക്ഷമാകെ മാറിമറിയുകയായിരുന്നു. എല്ലാ ഉദ്യോഗസ്ഥർക്കും പ്രത്യേക ക്യാബിൻ നിർമിച്ചു. ഉദ്യോഗസ്ഥെൻറ പേരും തസ്തികയും പ്രദർശിപ്പിച്ചു. പൊതുജനങ്ങൾക്ക് ഇരിക്കാൻ കസേരകളൊരുക്കി കുടിവെള്ളത്തിനും സൗകര്യമുണ്ടാക്കി. മുതിർന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ടോയ്ലറ്റും നിർമിച്ചു. വില്ലേജ് ഓഫിസ് പ്രവർത്തനത്തെകുറിച്ച് ജനങ്ങളിൽ മതിപ്പുണ്ടായതോടെ പേരുംപെരുമയും പരന്നു. ഈ മാതൃക നേരിൽ കാണാൻ താലൂക്ക് ആസ്ഥാനത്തുനിന്നും റവന്യൂ കമീഷണറേറ്റിൽ നിന്നും കലക്ടറേറ്റിൽനിന്നും വില്ലേജ് ഓഫിസുകളിൽ നിന്നുമൊക്കെ ഉദ്യോഗസ്ഥരെത്തി. ജനപ്രതിനിധികളും വില്ലേജ് ഓഫിസ് പ്രവർത്തനം വീക്ഷിക്കാൻ നേരിട്ടെത്തി. കഴിഞ്ഞദിവസം സ്ഥലം എം.എൽ.എ സി. ദിവാകരനും ഓഫിസിലെത്തി ജീവനക്കാരെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.