'കേശവപുരത്ത് പനിക്കാരുടെ നീണ്ടനിര; ക്വാർട്ടേഴ്സിൽ വന്നാൽ നോക്കാമെന്ന് ചില ഡോക്ടർമാർ

കിളിമാനൂർ: പകർച്ചപ്പനി പടർന്നുപിടിച്ചതോടെ മേഖലയിലെ പ്രധാന സർക്കാർ ആതുരാലമായ കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രോഗികളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചു. പകർച്ചപ്പനികൾക്ക് എല്ലാ മരുന്നുകളും സർക്കാർ ആശുപത്രിയിൽ ഉണ്ടെന്ന വാർത്തകളെ തുടർന്നാണെത്ര ആശുപത്രിയിലേക്ക് -രോഗികൾ ഒഴുകുന്നത്. എന്നാൽ, ഇവിടെയെത്തുന്ന രോഗികളോട് ഉച്ചക്ക് രണ്ടിനുശേഷം ക്വാർട്ടേഴ്സിലെത്തിയാൽ ചികിത്സ നൽകാമെന്നാണെത്ര ചില ഡോക്ടർമാർ പറയുന്നത്. ശനിയാഴ്ചയും ഇത്തരം സംഭവങ്ങൾ അരങ്ങേറിയത് ആശുപത്രി വളപ്പിൽ വൻ പ്രതിഷേധത്തിന് കാരണമായി. ദിവസങ്ങൾക്ക് മുമ്പ് ബി. സത്യൻ എം.എൽ.എ ആശുപത്രിയിലെത്തി കാര്യങ്ങൾ വിലയിരുത്തി മടങ്ങിയതാണ്. ആശുപത്രി മെഡിക്കൽ ഓഫിസർ രണ്ടുദിവസമായി കനത്ത പനിയെ തുടർന്ന് വീട്ടിൽ കിടപ്പിലാണെത്ര. എന്നാൽ, വെള്ളിയാഴ്ച ഇവർ ജോലിക്കെത്തി. അതേസമയം ഡ്യൂട്ടിയിലുള്ള ചില പുരുഷ ഡോക്ടർമാർ ഉച്ചക്ക് രണ്ടു കഴിഞ്ഞാൽ വരിയിൽ എത്ര രോഗികൾ ഉണ്ടെങ്കിലും ചികിത്സിക്കാറില്ലെത്ര. തങ്ങളുടെ ക്വാർട്ടേഴ്സിലേക്ക് വരാൻ പറയുകയാണെന്ന്‌ രോഗികൾ പരാതിപ്പെട്ടു. ഇത്തരം ഡോക്ടർമാരുടെ പ്രൈവറ്റ് പ്രാക്ടീസിനെതിരെ നേരേത്തയും ധാരാളം പരാതികൾ ഉയർന്നിരുന്നു. പകർച്ചപ്പനി ശക്തമായി പടർന്നു പിടിക്കുമ്പോൾ പോലും രണ്ടുമണി കഴിഞ്ഞാൽ രോഗികളെ നോക്കാൻ തയാറാകാത്തതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രതിഷേധം അറിയിച്ചു. ശനിയാഴ്ച ഡ്യൂട്ടി ഡോക്ടറോട് ആശുപത്രി സൂപ്രണ്ടും ബ്ലോക്ക് പ്രസിഡൻറും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിട്ടുപോലും വരിയിലുള്ള രോഗികളെ നോക്കാൻ ഇദ്ദേഹം തയാറായില്ലെത്ര. അതേസമയം, ഉച്ചക്കുശേഷം ഇദ്ദേഹം ക്വാർട്ടേഴ്സിൽ രോഗികൾക്ക് ചികിത്സ നൽകിയെത്ര. ഡോക്ടറുടെ നടപടിക്കെതിരെ ഇദ്ദേഹത്തിന് നോട്ടീസ് നൽകുമെന്നും ഡി.എം.ഒക്ക് പരാതി നൽകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജുദേവ് 'മാധ്യമ'ത്തോട് പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവ് വരാന്തയിൽ തളർന്നുവീണിട്ടും ഇയാൾക്ക് പ്രാഥമിക ചികിത്സ പോലും നൽകാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടർ തയാറായില്ല. രണ്ടുവരെ ജോലിസമയം ഉള്ളൂവെന്നും ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകാൻ ബന്ധുക്കളോട് പറഞ്ഞെത്ര. എന്നാൽ, ആഴ്ചകളായി ആശുപത്രി പരിസരത്ത് രോഗികൾക്ക് സേവനം നടത്തുന്ന ഇടതുപക്ഷ യുവജന സംഘടന പ്രവർത്തകർ ഇടപെട്ടതോടെ ഡോക്ടർ ചികിത്സ നൽകിയെത്ര. ഡോക്ടർമാരിൽ ചിലരുടെ ഇത്തരം നടപടികളിൽ എം.എൽ.എ ഇടപെടണമെന്നും ആവശ്യം ഉയരുന്നു. കഴിഞ്ഞ രണ്ടരമാസത്തോളമായി കിളിമാനൂർ ബ്ലോക്ക് പരിധിയിൽ പകർച്ചപ്പനി പടർന്നുപിടിക്കുകയാണ്. യഥാസമയം ശുചീകരണ പ്രവർത്തനം നടത്താനോ, പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാനോ പഞ്ചായത്ത് ഭരണസമിതികൾക്കായിട്ടില്ല. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഒരിടത്തും കാര്യക്ഷമമായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.