പരവൂർ: ധനകാര്യസ്ഥാപനം നടത്തി കോടികൾ തട്ടിയെടുത്ത് കടന്ന പ്രതിയെ മൂന്നു വർഷത്തിനുശേഷം ഷാഡോ പൊലീസും കൊല്ലം ഈസ്റ്റ് പൊലീസും പരവൂർ പൊലീസും ചേർന്നുനടത്തിയ സംയുക്തനീക്കത്തിൽ പിടികൂടി. പൂതക്കുളം നെല്ലേറ്റിൽ മാരാൻവിള വീട്ടിൽ മൂസക്കുട്ടി (45) ആണ് അറസ്റ്റിലായത്. ശ്രീധന്യ ചിട്ട്സ് എന്ന പേരിൽ 2009 മുതൽ ഇയാൾ ധനകാര്യസ്ഥാപനം നടത്തിവരികയായിരുന്നു. പൂതക്കുളം, പരവൂർ, കണ്ണനല്ലൂർ എന്നിവിടങ്ങളിൽ ശാഖകളോടുകൂടിയായിരുന്നു പ്രവർത്തനം. 5,000 മുതൽ നാലു ലക്ഷം രൂപവരെയുള്ള ചിട്ടികൾ നടത്തിയിരുന്നു. വിശ്വാസ്യതയോടെ ഇടപാടുകൾ നടത്തിയതിനാൽ ബിസിനസ് പടർന്നു. കലക്ഷൻ ഏജൻറുമാരെ നിയോഗിച്ച് നൂറുകണക്കിനാളുകളിൽനിന്ന് ലക്ഷങ്ങൾ പിരിച്ചെടുത്തു. 2004 മുതലാണ് ഇടപാടുകാർക്ക് പണം ലഭിക്കാതായത്. ചിട്ടിപ്പണം ലഭിക്കാനായി സ്ഥാപനത്തിലെത്തിയ ഇടപാടുകാരോട് പല ഒഴിവുകൾ പറയാൻ തുടങ്ങി. ഇതോടെ ഇടപാടുകാർ പരാതിയുമായി പരവൂർ പൊലീസ് സ്റ്റേഷനിലെത്തി. ഇക്കാര്യം മനസ്സിലാക്കിയ മൂസക്കുട്ടി സ്ഥലം വിടുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ഇയാൾ ഗൾഫിലേക്ക് കടന്നു. അവിടെനിന്ന് ഒരുമാസം മുമ്പ് നാട്ടിലെത്തിയ പ്രതി വയനാട്, പാലക്കാട് എന്നിവിടങ്ങളിലുള്ള സുഹൃത്തുക്കളുടെ വീട്ടിൽ മാറിമാറി ഒളിവിൽ താമസിച്ചുവരികയായിരുന്നു. താമസിക്കുന്ന സ്ഥലം മനസ്സിലാക്കി വയനാട് പൊലീസ് ചെന്നെങ്കിലും മൂസക്കുട്ടി രക്ഷപ്പെട്ടു. ഭാര്യയും ഇയാളോടൊപ്പമുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ബന്ധുക്കളുടെ ഫോൺ നമ്പർ വഴി ഇയാളിലേക്ക് എത്തിച്ചേരുകയായിരുന്നു. കൊല്ലത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം മനസ്സിലാക്കിയ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇവിെടെവച്ചാണ് ഇയാൾ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തട്ടിപ്പിനിരയായ നിരവധിയാളുകൾ സ്റ്റേഷനിലെത്തിക്കൊണ്ടിരിക്കുകയാണ്. 65 പേരാണ് ഇതുവരെ പരാതി നൽകിയത്. യഥാർഥ തുക എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇതിനായി പ്രതിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കുമെന്ന് ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ് അറിയിച്ചു. പരവൂർ സി.ഐ എസ്. ഷെരീഫിനാണ് അന്വേഷണച്ചുമതല. കൊല്ലം സിറ്റി ഷാഡോ പൊലീസ് എസ്.ഐ വിപിൻകുമാർ, കൊല്ലം ഈസ്റ്റ് എസ്.ഐ ജയകൃഷ്ണൻ, പരവൂർ എസ്.ഐ എ.എസ്. സരിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.