വർക്കലയിലെ കനാൽ പുറമ്പോക്ക് കഞ്ചാവ് കടത്തുകാരുടെ താവളമാകുന്നു

വർക്കല: കനാൽ പുറമ്പോക്ക് കഞ്ചാവ് കടത്തുകാരുടെയും വിൽപനക്കാരുടെയും താവളമാകുന്നു. മൊത്തവിതരണമായും ചെറുപൊതികളായും കഞ്ചാവ് ആവശ്യാനുസരണം എത്തിക്കുന്ന വിൽപനക്കണ്ണികളിലുള്ളവരെല്ലാം കനാൽ പുറമ്പോക്ക് ഒളിത്താവളമാക്കിയവരാണ്. അടുത്തകാലത്ത് കഞ്ചാവി​െൻറ പേരിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും കനാൽ പുറമ്പോക്കിൽ താമസിക്കുന്നവരാണ്. കഴിഞ്ഞയാഴ്ച രഹസ്യവിവരത്തെ തുടർന്ന് കഞ്ചാവുമായി അറസ്റ്റിലായ രണ്ടു യുവാക്കളും കനാൽ പരിസരത്തുള്ളവരാണ്. വേഗത്തിൽ ജാമ്യംനേടി പുറത്തിറങ്ങുകയും വീണ്ടും കഞ്ചാവ് വിതരണം നടത്തുകയും ചെയ്യുന്നു. വർക്കല കനാൽ പുറമ്പോക്കിൽനിന്ന് കഞ്ചാവ് വിൽപനക്കിടെ പിടികൂടപ്പെട്ടവർ നിരവധിയാണ്. ഇതിലേറെയും യുവാക്കളുമാണ്. വൃദ്ധരായ സ്ത്രീകളും ഇതിൽ ഏർപ്പെടുന്നുണ്ട്. പൊലീസിനുപോലും എളുപ്പത്തിൽ കടന്നുചെല്ലാനാകാത്ത സ്ഥലമെന്ന നിലയിലാണ് കനാൽ പരിസരങ്ങൾ കഞ്ചാവ് ലോബിയുടെ കേന്ദ്രങ്ങൾ ആക്കുന്നത്. കനാൽ പുറമ്പോക്കിൽ നിരവധി കുടുംബങ്ങളാണ് കുടിൽകെട്ടി താമസിക്കുന്നത്. സ്കൂൾ കുട്ടികൾക്ക് വരെ സുഗമമായി കഞ്ചാവ് ലഭിക്കുന്നുണ്ട്. വർക്കല പൊലീസ് സ്റ്റേഷ​െൻറ മൂക്കിൻതുമ്പിലെ ബസ്സ്റ്റോപ്പിലാണ് നഗരമധ്യത്തിലെ പ്രമുഖ കഞ്ചാവ് വിപണനകേന്ദ്രം. വിദൂരസ്ഥലങ്ങളിൽനിന്നുള്ളവർ പോലും ടൗണിലെ ബസ്സ്റ്റോപ്പിലെത്തി ആവശ്യാനുസരണം കഞ്ചാവും വാങ്ങി ലാഘവത്തോടെ ബസിൽ മടങ്ങുന്നത്. വർക്കല റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള പരിസരം, പാപനാശം വിനോദസഞ്ചാര കേന്ദ്രം, സ്കൂൾ കോളജ് പരിസരം എന്നിവിടങ്ങളെല്ലാം വീണ്ടും കഞ്ചാവ് വിതരണ കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്നാണ് വിവരം. പൊലീസിനെ തന്ത്രപരമായി വെട്ടിക്കാനൊക്കെ കഞ്ചാവ് ലോബികൾക്കറിയാം. ഒരു താവളം മനസ്സിലാക്കി പൊലീസ് എത്തുമ്പോഴേക്കും വിൽപനക്കാർ അവിടം വിട്ട് മറ്റൊരിടത്തേക്ക് മാറിയിട്ടുണ്ടാകും. ബൈക്ക്, ഓട്ടോ എന്നിവയിലാണിപ്പോൾ കഞ്ചാവ് കടത്ത് എളുപ്പത്തിൽ നടക്കുന്നത്. സീറ്റിനടിയിലും സ്റ്റെപ്പിനി ടയറിനുള്ളിലുമാണ് കഞ്ചാവ് സ്റ്റോക്ക് ചെയ്യുന്നത്. ചേരി പ്രദേശത്ത് താമസിക്കുന്നവരെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങളും പൊലീസി​െൻറ കൈവശമില്ല. ചിലയിടങ്ങളിൽ ക്രിമിനലുകൾ ഒളിത്താവളമാക്കി വിലസുന്നുണ്ടെന്നു ആരോപണം ഉയർന്നിട്ടും അന്വേഷണമുണ്ടായിട്ടില്ല. വർക്കലയിലെത്തുന്ന കഞ്ചാവി​െൻറ ഉറവിടം ഇടുക്കിയാണ്. എം.സി റോഡിൽ കിളിമാനൂരിൽ എത്തിക്കുന്ന സാധനം ഓട്ടോയിലും ബൈക്കിലുമായാണ് വർക്കല മേഖലയിൽ കൊണ്ടുവരുന്നത്. വർക്കല, അയിരൂർ, കല്ലമ്പലം, പള്ളിക്കൽ, കിളിമാനൂർ സ്റ്റേഷൻ പരിധിയിലെ പ്രധാന റോഡുകളിലൂടെയാണ് ഞായറാഴ്ചകളിൽ കഞ്ചാവുകടത്ത് നടക്കുന്നത്. സാധാരണ ജൂനിയർ എസ്.ഐമാരുടെ െപ്രാബേഷനറി സമയത്ത് കഞ്ചാവ്, മയക്കുമരുന്ന്, കള്ളവാറ്റ് എന്നിവ പിടികൂടാൻ മേലുദ്യോഗസ്ഥന്മാർ സ്വതന്ത്ര ചുമതല നൽകി അവരെ ഫീൽഡിലയക്കുമായിരുന്നു. ഫീൽഡിൽ പൊലീസി​െൻറ സാന്നിധ്യമോ പട്രോളിങ്ങോ ഇല്ലാത്തതും കഞ്ചാവ് ലോബിക്ക് ചാകരക്കാലമാണ് സമ്മാനിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.