ദലിത് യുവതിയെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ച സംഭവം; അന്വേഷണം എങ്ങുമത്തെിയില്ല

നേമം: അധ്യാപികയായ ദലിത് യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി ജാതിപ്പേര് വിളിച്ചാക്ഷേപിച്ച് മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യുവതിയുടെ വീട് സന്ദര്‍ശിച്ചു. പീഡനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും കുറ്റക്കാരായ പ്രവര്‍ത്തകരെ പുറത്താക്കാന്‍ ബി.ജെ.പി ആര്‍ജവം കാട്ടണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബി.ജെ.പി സ്വീകരിച്ചുവരുന്ന ദലിത് വിരുദ്ധതക്ക് ഉദാഹരണമാണ് സംഭവമെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി ഇതിനെതിരെ അണിനിരക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കല്ലിയൂര്‍ സ്വദേശിനി നാല്‍പതുകാരി ദളിത് അധ്യാപികയെ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് 12.30നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. കല്ലിയൂര്‍ സേവാഭാരതിക്ക് സമീപം അധ്യാപിക ട്യൂഷനെടുത്തിരുന്ന വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു മര്‍ദനം. നാലുദിവസമായിട്ടും പൊലീസ് പ്രതികളെ പിടികൂടിയിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് കല്ലിയൂര്‍, പുന്നമൂട് പ്രദേശത്ത് സി.പി.എം, കെ.പി.എം.എസ് പ്രവര്‍ത്തകര്‍ ബുധനാഴ്ച പ്രകടനവും ഹര്‍ത്താലും നടത്തിയിരുന്നു. ചേരമര്‍ സംഘത്തിന്‍െറ നേതൃത്വത്തില്‍ നേമം പൊലീസ് സ്റ്റേഷനിലേക്ക് വെള്ളിയാഴ്ച രാത്രി പന്തം കൊളുത്തി പ്രകടനവും നടന്നു. പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരമാണ് കോടിയേരി വീട് സന്ദര്‍ശിച്ചത്. പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വീട് സന്ദര്‍ശിച്ചു. പ്രമാണിമാരുടെ മാത്രം പാര്‍ട്ടിയാണോ ബി.ജെ.പി എന്നും ജാതീയവിവേചനവും ദലിത് പീഡനവും പാര്‍ട്ടി നിലപാട് ആണോ എന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. രാജ്യമൊട്ടാകെ ബി.ജെ.പി നടത്തിവരുന്ന ദലിത് വിരുദ്ധതയുടെ ഉദാഹരണമാണ് സംഭവമെന്നും പ്രതികളെ പിടികൂടാത്തത് അപലപനീയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോടിയേരിക്കൊപ്പം എ. ഷംസീര്‍ എം.എല്‍.എ, വി. ശിവന്‍കുട്ടി, സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ല പഞ്ചായത്തംഗം എസ്.കെ. പ്രീജ, കല്ലിയൂര്‍ ശ്രീധരന്‍, വസുന്ധരന്‍ എന്നിവരുമുണ്ടായിരുന്നു. കേസ് ഫോര്‍ട്ട് എ.സി ഗോപകുമാറിന് കൈമാറിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.