ഭക്തിസാന്ദ്രമായി മഹാശിവരാത്രി ആഘോഷിച്ചു

തിരുവനന്തപുരം: ശിവമന്ത്രങ്ങളാല്‍ നിറഞ്ഞ് മഹാശിവരാത്രി ആഘോഷിച്ചു. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമായ വെള്ളിയാഴ്ച നാടുംനഗരവും ശിവരാത്രി ആഘോഷങ്ങളുടെ നിറവിലായിരുന്നു. വ്രതമനുഷ്ഠിച്ചും ഉറക്കമൊഴിഞ്ഞും ശിവപൂജയില്‍ ഭക്തര്‍ മുഴുകിയതോടെ ക്ഷേത്രങ്ങള്‍ മണിക്കൂറുകള്‍ ഭക്തിസാന്ദ്രമായി. വ്രതം നോറ്റ് ആയിരങ്ങള്‍ പുലര്‍ച്ചെ മുതല്‍ ദര്‍ശനപുണ്യം തേടി എത്തിയതോടെ ക്ഷേത്രങ്ങള്‍ മന്ത്രമുഖരിതമായി. ശനിയാഴ്ച നടക്കുന്ന സന്ധ്യാ ദീപാരാധനയോടെ വ്രതാനുഷ്ഠാനങ്ങള്‍ സമാപിക്കും. ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രം, ആറ്റുകാല്‍ ഭഗവതിക്ഷേത്രം, ചെങ്കള്ളൂര്‍ മഹാദേവ ക്ഷേത്രം, തിരുമല-കുശക്കോട് ക്ഷേത്രം, കഴക്കൂട്ടം മഹാദേവ ക്ഷേത്രം, വലിയശാല കാന്തളൂര്‍ ശിവക്ഷേത്രം, കരമന തളിയല്‍ ശിവക്ഷേത്രം, തൃക്കണ്ണാപുരം ശ്രീചക്രക്ഷേത്രം, പേരൂര്‍ക്കട മണികണ്ഠേശ്വരം ക്ഷേത്രം, നാലാഞ്ചിറ ഉദിയന്നൂര്‍ ക്ഷേത്രം, ശാസ്തമംഗലം മഹാദേവക്ഷേത്രം, കവടിയാര്‍ മഹാദേവക്ഷേത്രം, പാപ്പനംകോട് തുമരിമുട്ടം ക്ഷേത്രം, മേനംകുളം അര്‍ദ്ധനാരീശ്വര ക്ഷേത്രം, പോത്തന്‍കോട് അയണിയര്‍ത്തല തമ്പുരാന്‍ ക്ഷേത്രം, ഉള്ളൂര്‍ മൂലയില്‍കോണം ശ്രീ മഹാദേവ ക്ഷേത്രം, കുമാരപുരം ഗുരുദേവ ക്ഷേത്രം, വെയിലൂര്‍ക്കോണം മഹാദേവര്‍ ചാമുണ്ഡി ക്ഷേത്രം, മുട്ടത്തറ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രം എന്നിവിടങ്ങലിലാണ് പ്രധാനമായും ആഘോഷങ്ങള്‍ നടന്നത്. തീര്‍ഥപാദ മണ്ഡപത്തില്‍ സനാതന ഭക്ത മഹാസഭയും കേരള സന്യാസി സഭയും സംയുക്തമായി മൃത്യുജ്ഞയ മഹായാഗവും നടത്തി. ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിലായിരുന്നു എറെ തിരക്ക്. രാവിലെ ആറിന് അഖണ്ഡനാമജപത്തോടെ ഉത്സവത്തിന് തുടക്കമായി. തുടര്‍ന്ന് അഹോരരാത്രം ഘൃതധാര, ഹാലാസ്യ പാരായണവും നടന്നു. രാത്രി പ്രദോഷശീവേലി എഴുന്നള്ളത്ത് നടന്നു. മഹാ മൃത്യുജ്ഞയഹോമം, ഭസ്മാഭിഷേകം, ഘൃതധാര, അഖണ്ഡനാമജപ യജ്ഞം, ശിലപൂജ, പൂപ്പട, ഗരുസി എന്നിവയായിരുന്നു പ്രധാന പൂജകള്‍. ശിവനാമ കൃതികള്‍, ശിവലിംഗാഷ്ഠകം, ശിവപഞ്ചാക്ഷര സ്തോത്രം എന്നിവ ഉള്‍പ്പെടുത്തിയ അഖണ്ഡ സംഗീതാര്‍ച്ചനയും നടന്നു. വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി. തിരക്ക് പരിഗണിച്ച് സുരക്ഷക്കും പാര്‍ക്കിങ്ങിനുമായി വിപുലമായ ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.