കാപ്പിൽ കായലിൽ ചാടിയ പെൺകുട്ടിയെ വിദ്യാർഥി രക്ഷിച്ചു

വർക്കല: കാപ്പിൽ എച്ച്.എസിന് സമീപത്തെ കായലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയെ പ്ലസ് ടു വിദ്യാർഥി രക്ഷിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് കാപ്പിൽ കായലിലെ ആത്മഹത്യാ മുനമ്പിൽ സംഭവം നടന്നത്. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിനിയാണ് സ്കൂൾ യൂനിഫോമിൽ ബസിറങ്ങി കായലിലേക്ക് ചാടിയത്. തൊട്ടടുത്ത വീട്ടുമുറ്റത്തിരിക്കുകയായിരുന്ന കാപ്പിൽ എച്ച്.എസിലെ പ്ലസ് ടു വിദ്യാർഥി അർജുൻ ഇത് കാണുന്നുണ്ടായിരുന്നു. വിജനമായ കായൽത്തീരത്തേക്ക് സ്കൂൾ യൂനിഫോമിട്ട വിദ്യാർഥിനി നടന്നടുക്കുന്നത് അർജുനിൽ സംശയം ജനിപ്പിച്ചു. അസമയമായതിനാൽ പെൺകുട്ടിയുടെ അരികിലേക്ക് പോകാനും കാര്യങ്ങൾ അന്വേഷിക്കാനും അർജുൻ മടിച്ചു. ഇതിനിടയിൽ പെൺകുട്ടി കായലിലേക്ക് ചാടി. വീട്ടിൽനിന്ന് ഓടിയെത്തിയ അർജുൻ കായലിലേക്കെടുത്തു ചാടി. പെൺകുട്ടിയെ രക്ഷിച്ചു കരയിലെത്തിക്കുകയും ചെയ്തു. പിന്നീട് അർജുൻതന്നെയാണ് വീട്ടുകാരെയും നാട്ടുകാരെയും വിളിച്ചുകൂട്ടിയത്. സ്കൂളിലെ അധ്യാപകരെയും അർജുൻ ഫോണിലൂടെ സംഭവം അറിയിച്ചു. ഉടൻ അയിരൂർ പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിലാക്കി. തുടർന്ന് ബന്ധുക്കളെയും വിളിച്ചുവരുത്തി. കാപ്പിൽ കായലിലെ ആത്മഹത്യാ പോയിൻറിലേക്കാണ് പെൺകുട്ടിയെ രക്ഷിക്കാനായി അർജുനും എടുത്തുചാടിയത്. ഇവിടെ നിരവധി പേർ മുങ്ങിമരിച്ചിട്ടുള്ള സ്ഥലവുമാണ്. മരണത്തിൽനിന്ന് സാഹസികമായി ഒരു പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച അർജുൻ നാടി​െൻറയും സ്കൂളി​െൻറയും സ്നേഹാദരങ്ങളും നേടി. കാപ്പിൽ ഗവ. എച്ച്.എസിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ അയിരൂർ എസ്.ഐ കെ. ഷിജി സ്കൂളി​െൻറ ഉപഹാരം അർജുന് സമ്മാനിച്ചു. പ്രിൻസിപ്പൽ ബീന, പി.ടി.എ പ്രസിഡൻറ് കൃഷ്ണകുമാർ, വൈസ് പ്രസിഡൻറ് മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം ജയദേവൻ, ഷൈലേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.