കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കക്കൂസ് മാലിന്യം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. അസഹനീയ ദുർഗന്ധമാണ് ഡിപ്പോയിലും പരിസരത്തും. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കംഫർട്ട് സ്റ്റേഷനിലെയും പരിസരത്തുള്ളവരുടെയും കക്കൂസ് മാലിന്യം ഒഴുക്കിവിട്ടിരുന്നത് ഓടയിലേക്ക് പൈപ്പുകൾ സ്ഥാപിച്ചാണ്. ഓടവഴി ഒഴുകി ഇത് സമീപത്തെ കായലിൽ പതിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാർ കോടതിയെ സമീപിച്ചതിനെ തുടർന്ന് ഓടിയിലൂടെ മാലിന്യമെഴുക്കുന്നത് തടയാൻ കോടതി നിർദേശിച്ചു. ഒാട അടച്ചതോടെ മാലിന്യം കെട്ടിക്കിടന്ന് കൂടുതൽ ദുരിതമായി മാറുകയാണ്. കെ.എസ്.ആർ.ടി.സിയിലെ സെപ്റ്റിക് ടാങ്ക് ചെറുതായതിനാൽ പെട്ടെന്ന് നിറയുന്നതാണ് ഓടയിലേക്ക് മാലിന്യം ഒഴുക്കാൻ കാരണം. ഡിപ്പോ എൻജിനീയറുടെ ഓഫിസ്, ഹെഡ് വെഹിക്കിൾ ഓഫിസ്, സ്റ്റോർ, മെക്കാനിക്കൽ സെക്ഷൻ വർക്ക്ഷോപ് ഇവയുടെയെല്ലാം കെട്ടിടത്തിെൻറ ഭിത്തിക്കരികിലൂടെയുള്ള ഒാട നിറഞ്ഞ് കെട്ടിനിൽക്കുകയാണ് കക്കൂസ് മാലിന്യം. ഓഫിസുകളിൽ ജീവനക്കാർക്ക് ഡ്യൂട്ടി നിർവഹിക്കാൻ കഴിയാത്തതരത്തിൽ ദുർഗന്ധം വമിക്കുന്നു. ദിവസവും നൂറുകണക്കിന് യാത്രക്കാരെത്തുന്ന ഡിപ്പോയിലെ കംഫർട്ട് സ്റ്റേഷെൻറ മാലിന്യവും ഈ ഓടയിലൂടെയാണ് ഒഴുക്കുന്നത്. സമീപത്തെ വീടുകളിൽനിന്നുള്ള കക്കൂസ് മാലിന്യവും കൂടി ഒാടയിലെത്തുന്നതിനാൽ ഗുരുതര മാലിന്യപ്രശ്നമാണ് നിലനിൽക്കുന്നത്. മുനിസിപ്പാലിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.