വള്ളക്കടവ് (തിരുവനന്തപുരം): മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിക്കാതെ വിമാനക്കമ്പനികള്‍ തിരുവനന്തപുരത്തുനിന്ന് ഗള്‍ഫ് സെക്ടറിലേക്കുള്ള വിമാനനിരക്കുകള്‍ കുത്തനെ കൂട്ടി. ഉത്സവ സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ പ്രവണത തിരുത്തണമെന്നും തിരക്കുള്ള സീസണുകളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്നും കഴിഞ്ഞമാസം വിമാനക്കമ്പനികളുടെ യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. യോഗത്തില്‍ പങ്കെടുത്ത സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍. ചൗബേ ഓണം പോലെ തിരക്കുള്ള സീസണില്‍ വിദേശ വിമാനകമ്പനികള്‍ക്ക് നിശ്ചിത ദിവസത്തേക്ക് കൂടുതല്‍ സീറ്റ് അനുവദിക്കാന്‍ മന്ത്രാലയം തയാറാണെന്ന് അറിയിച്ചിരുന്നു. ഉഭയകക്ഷി കരാര്‍ പ്രകാരമാണ് വിദേശ വിമാനകമ്പനികള്‍ക്ക് മന്ത്രാലയം സീറ്റ് അനുവദിക്കുന്നത്. മുന്‍കൂട്ടി സീറ്റ് വര്‍ധന തീരുമാനിക്കാന്‍ കഴിഞ്ഞാല്‍ നിരക്ക് വർധന ഒഴിവാക്കാന്‍ കഴിയുമെന്ന് യോഗത്തില്‍ പെങ്കടുത്ത എയര്‍ലൈന്‍ കമ്പനികളും അറിയിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഒന്നും കേന്ദ്രത്തില്‍നിന്ന് തുടര്‍ന്ന് ഉണ്ടാകാത്തതിനെ തുടർന്നാണ് സീറ്റ് വർധിപ്പിക്കാതെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ ഇരട്ടിയിലധികമാക്കിയത്. തിരുവനന്തപുരത്തുനിന്ന് ഷാര്‍ജയിലേക്ക് 7500 രൂപക്ക് സർവിസ് നടത്തിയിരുന്ന എയര്‍ഇന്ത്യ 20 മുതല്‍ ഈടാക്കുന്നത് 17100 രൂപയാണ്. മറ്റ് സർവിസുകളും 20 മുതല്‍ ഇരട്ടി തുകയാണ് ഈടാക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ഷാര്‍ജ സർവിസിന് 8500ല്‍നിന്ന് 18800ലേക്ക് ഉയർത്തി. ദുബൈ എയര്‍ഇന്ത്യ എക്സ്പ്രസ് 10100നിന്ന് 18100, ജെറ്റ് എയര്‍വേസ് ദമാം 17500ല്‍നിന്ന് 27000, ജിദ്ദ ശ്രീലങ്കന്‍ എയര്‍വേസ് 15500നിന്ന് 27000, ഫൈള ദുബൈ ജിദ്ദ 18,500ൽനിന്ന് -28000, എയര്‍ അറേബ്യ ജിദ്ദ 19500ൽനിന്ന് -32000, ഗള്‍ഫ് എയര്‍ റിയാദ് 18500ൽനിന്ന് -29500 എന്നിങ്ങനെ നിരക്ക് ഉയർത്തി. നിരക്ക് കുറക്കാന്‍ സമ്മര്‍ദം ചെലുത്താൻ ജനപ്രതിനിധികള്‍ക്ക് കഴിയുന്നില്ലെന്ന് ഗള്‍ഫ് മലയാളികള്‍ കുറ്റപ്പെടുത്തുന്നു. വിമാനങ്ങളുടെ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിെൻറ (എ.ടി.എഫ്) വാറ്റ് കുറക്കുന്ന കാര്യം സര്‍ക്കാറിെൻറ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വിമാനക്കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഉറപ്പുപോലും മുഖവിലക്ക് എടുക്കാതെയാണ് തോന്നും പടി ബജറ്റ് എയര്‍ലൈനുകള്‍ നിരക്ക് ഉയര്‍ത്തിയത്. എം. റഫീഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.