പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ കോട്ടക്കയം മുതൽ ചെരിപ്പിട്ടക്കാവ് വരെയുള്ള പാത സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിന് ഒരുങ്ങുന്നു. സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷെൻറ നിയന്ത്രണത്തിലുള്ള ഭാഗമാണ് പൂര്‍ണമായും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായത്. വെള്ളിയാഴ്ച രാവിലെ മുതല്‍ കോര്‍പറേഷെൻറ മുള്ളുമല എസ്‌റ്റേറ്റ് പടിക്കല്‍ ഉപരോധസമരം നടത്തും. നൂറിലധികം ആദിവാസി കുടുംബങ്ങളും അയ്യായിരത്തിലധികം യാത്രക്കാരും ആശ്രയിക്കുന്ന പാത തകര്‍ച്ചയിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു. തമിഴ്നാട്ടിൽ പോകാനുള്ള എളുപ്പമാർഗമാണ് മുള്ളുമല വഴിയുള്ള ഈ പാത. കെ.എസ്.ആര്‍.ടി.സി അടക്കം സര്‍വിസ് നടത്തുന്ന പാതയാണിത്. തകര്‍ച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങള്‍ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥര്‍ക്കും നിരവധി തവണ പരാതിയും നൽകിയിരുന്നു. തോട്ടം മേഖലയിലെ റോഡ് ആയതുകൊണ്ട് ജനപ്രതിനിധികൾക്ക് ഫണ്ട് അനുവദിക്കാൻ കഴിയില്ല. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഉപരോധം. കോര്‍പറേഷെൻറ അടക്കമുള്ള എല്ലാ വാഹനങ്ങളും തടയുമെന്ന് സമരക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.