തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിൽ ശമനം വന്നുതുടങ്ങിയെങ്കിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും പനിമരണവും കുറയുന്നില്ല. അഞ്ചുപേരാണ് പനിബാധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് തിരുവനന്തപുരം, തോന്നയ്ക്കൽ സ്വദേശി ഗിരിജ (47), കിഴുവിലം സ്വദേശി സുൽഫിക്കർ (41), തമലം സ്വദേശി അഞ്ജിത (27) എന്നിവരും മലപ്പുറം, ചേലാമ്പ്ര സ്വദേശി ഉണ്ണികൃഷ്ണൻ (56), എച്ച്1 എൻ1 ബാധിച്ച് പാലക്കാട്, കുലുക്കല്ലൂർ സ്വദേശി മരക്കാർ (56) എന്നിവരുമാണ് മരിച്ചത്. പനി ബാധിച്ച് വ്യാഴാഴ്ച 16,389 പേർകൂടി ചികിത്സ തേടി. ഇതിൽ 658പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പനിബാധയിൽ മലപ്പുറമാണ് മുന്നിൽ. 2477 പേർക്കാണ് ഇവിടെ പനി ബാധിച്ചത്. ഡെങ്കിപ്പനി 177 പേർക്ക് സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്- 80 പേർ. വിവിധ ജില്ലകളിലെ പനിബാധിതരുടെ എണ്ണം, ബ്രാക്കറ്റിൽ ഡെങ്കിബാധിതരുടെ കണക്ക്: തിരുവനന്തപുരം 1691 (80), കൊല്ലം 1067 (53), പത്തനംതിട്ട 331 (ആറ്), ഇടുക്കി 369 (0), കോട്ടയം 510 (രണ്ട്), ആലപ്പുഴ 804 (15), എറണാകുളം 1086 (0), തൃശൂർ 1472 (നാല്), പാലക്കാട് 2051 (0), മലപ്പുറം 2477 (12), കോഴിക്കോട് 1582 (0), വയനാട് 905 (0), കണ്ണൂർ 1234 (അഞ്ച്), കാസർകോട് 810 (0). മലേറിയ നാലുപേർക്ക് സ്ഥിരീകരിച്ചു. എച്ച്1എൻ1 അഞ്ചുപേർക്കും സ്ഥിരീകരിച്ചു. മൂന്നുപേർക്ക് എലിപ്പനിയും കണ്ടെത്തി. 11 പേർ എലിപ്പനി ലക്ഷണങ്ങളുമായും ചകിത്സതേടി. ഈ വർഷം ഇതുവരെ 22.07 ലക്ഷം പേർക്കാണ് പനി പിടിപെട്ടത്. 14,646 പേർക്കാണ് ഇക്കാലയളവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.