നെയ്യാറ്റിൻകര: 'വിദ്യാലയങ്ങൾ പുസ്തകങ്ങളുടെ ജയിലല്ല' എന്ന സന്ദേശമുയർത്തി ക്ലാസ് റൂം വായനശാലകൾക്ക് തുടക്കമായി. വിദ്യാലയങ്ങളിലെ നിലവിലുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് കാണാനും വായിക്കാനും സൗകര്യപ്രദമായ രീതിയിൽ ക്ലാസ് മുറിയിൽ തന്നെ ക്രമീകരിക്കുകയും പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ഭാഷാ വ്യവഹാരങ്ങളിൽ പങ്കാളികളാക്കാനും ലക്ഷ്യമിട്ട് സർവശിക്ഷാ അഭിയാെൻറ നേതൃത്വത്തിലാണ് ക്ലാസ്റൂം വായനശാലകൾ ഒരുക്കുന്നത്. പാറശ്ശാല ഉപജില്ലയിൽ 71 വിദ്യാലയങ്ങളിലെ 500 ക്ലാസ് മുറികളിൽ ലൈബ്രറി സജ്ജമാക്കാനാണ് പദ്ധതി. മഞ്ചവിളാകം ഗവ. യു.പി.എസിലെ ക്ലാസ്റൂം വായനശാലകളുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വസന്തകുമാരി, എം.എസ്. പ്രശാന്ത്, ജനപ്രതിനിധികൾ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു. താലൂക്കിലെ വിവിധ വിദ്യാലയങ്ങളിൽ ക്ലാസ്തല വായനശാലകളുടെ ഉദ്ഘാടനം നടന്നു. പൊഴിയൂർ ഗവ.- യു.പി.എസിൽ പുസ്തകങ്ങൾ കൊണ്ട് സജ്ജമാക്കിയ വേദിയിൽ ഉപജില്ലതല ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബെൽസി ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പൊഴിയൂർ ജോൺസൺ, ടങ്സ്റ്റൺ സി. ബാബു, ഹെഡ്മാസ്റ്റർ ജോസ് വിക്ടർ, ജീത. പി.ടി.എ പ്രസിഡൻറ് റഫീക്ക് എന്നിവർ പങ്കെടുത്തു. പാറശ്ശാല വിദ്യാഭ്യാസ ഉപജില്ലയിലെ 10 വിദ്യാലയങ്ങൾക്ക് ലൈബ്രറി ഗ്രാൻറായി 10,000 രൂപ വീതം സർവശിക്ഷ അഭിയാൻ അനുവദിച്ചിരുന്നു. വരും ദിവസങ്ങളിൽ പഞ്ചായത്ത്തലത്തിലും സ്കൂൾ തലത്തിലും ക്ലാസ് റൂം വായനശാലകളുടെ ഉദ്ഘാടനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.