പാലോട്: ജനവാസമേഖലയോട് ചേർന്ന വനപ്രദേശങ്ങളിൽ മാഞ്ചിയവും അക്കേഷ്യയും നട്ടുപിടിപ്പിക്കുന്ന വനം ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ പ്രതിഷേധം വ്യാപകം. ജലം ധാരാളമായി വലിച്ചെടുക്കുന്ന സസ്യങ്ങളാണിവ. മലയോരമേഖലയാകെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ ഇവ പ്ലാൻറ് ചെയ്യുന്നത് അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുന്നു. കടുത്ത വേനലിലും നീരുറവകൾ വറ്റാത്ത ഗ്രാമപ്രദേശങ്ങളിൽ പോലും ജലാശയങ്ങൾ വറ്റിവരണ്ട അവസ്ഥയാണ്. കിലോമീറ്ററുകൾ താണ്ടിയാണ് നിലവിൽ കുടിവെള്ളം ശേഖരിക്കുന്നത്. അക്കേഷ്യ, മാഞ്ചിയം എന്നിവ വൻതോതിൽ നട്ടുപിടിപ്പിച്ചതിന് ശേഷമാണ് ജലക്ഷാമം രൂക്ഷമായതെന്നും പ്രദേശവാസികൾ പറയുന്നു. ഒരുകാലത്ത് ആഞ്ഞിലി മരങ്ങൾ സമൃദ്ധമായി നിന്നിരുന്ന പ്രദേശങ്ങളിലെല്ലാം ഇന്ന് അക്കേഷ്യയും മാഞ്ചിയവുമാണ് െവച്ച്പിടിപ്പിക്കുന്നത്. ഏറ്റവുംകൂടുതൽ ആഞ്ഞിലി മരങ്ങൾ ഉണ്ടായിരുന്ന ജില്ലയും തിരുവനന്തപുരമാണ്. എന്നാൽ ഇവ മുറിച്ചുമാറ്റപ്പെടുമ്പോൾ റീ പ്ലാേൻറഷൻ നടത്തുന്നത് കുടിവെള്ളം മുട്ടിക്കുന്ന മരങ്ങളാണ്. ഇവ കാടുകയറിയതോടെ വനത്തിലെ പച്ചപ്പും നഷ്ടപ്പെട്ടു. കായ്കനികളും വെള്ളവും കിട്ടാതെ കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങി. കർഷകന് ഇവറ്റകളുടെ ശല്യംമൂലം കൃഷി ചെയ്യാനും കഴിയുന്നില്ല. കുരങ്ങുകളും ആനകളും കാട്ടുപോത്തും മ്ലാവുമെല്ലാമെത്തി കാർഷികവിളകൾ നശിപ്പിക്കുന്നു. ജീവന് ഭീക്ഷണിയായ മരങ്ങൾ വ്യാവസായ കണ്ണുമാത്രം ലക്ഷ്യമിട്ട് പ്ലാൻറ് ചെയ്യുന്ന അധികൃത നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ടാണ് രാഷ്ട്രീയ ഭേദമന്യേ നാടൊരുമിക്കുന്നത്. വിതുര, പെരിങ്ങമ്മല, തൊളിക്കോട്, പാങ്ങോട്, നന്ദിയോട്, പനവൂർ പഞ്ചായത്തുകളിൽ വലിയതോതിൽ മാഞ്ചിയവും അക്കേഷ്യയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. പാങ്ങോട് പഞ്ചായത്തിലെ പാണ്ടിയൻപാറ മേഖലയിൽ ഇവ റീപ്ലാെൻറ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ. വ്യാഴാഴ്ച പാലോട്ട് മാഞ്ചിയം-,അക്കേഷ്യ വിരുദ്ധ സമരപ്രഖ്യാപനം നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. ഇ. ജോൺകുട്ടി, കെ.ജെ. കുഞ്ഞുമോൻ, മനേഷ് ജി. നായർ, സാലി പാലോട്, പ്രഫ. കമറുദീൻ, പള്ളിവിള സലിം, അസിം പള്ളിവിള, എം. ഷിറാസ്ഖാൻ, വി.എസ്. പ്രമോദ്, എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച പാലോട് ജങ്ഷനിൽ സമരദ്വീപം തെളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.