സി.പി.ഐ ജില്ലാഘടകത്തില്‍ ഗ്രൂപ്പുപോര് മുറുകുന്നു

തിരുവനന്തപുരം: സി.പി.ഐ ജില്ലാഘടകത്തില്‍ ഗ്രൂപ്പുപോര് ശക്തം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാകൗണ്‍സിലില്‍ ജില്ലാസെക്രട്ടറി ജി.ആര്‍. അനിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും അംഗങ്ങള്‍ പോരടിച്ചതോടെയാണ് വിഭാഗീയത മറനീക്കി പുറത്തുവന്നത്. ജില്ലാസമ്മേളനത്തില്‍ ഗ്രൂപ്പുകളിച്ച് നേതൃത്വം പിടിച്ചെടുത്തയാളാണ് അനിലെന്നായിരുന്നു പ്രധാന വിമര്‍ശം. വിമര്‍ശിക്കുന്നവരെ സെക്രട്ടറി പുറത്താക്കുകയാണെന്നും ആരോപണമുയര്‍ന്നു. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ച അനില്‍ വിമര്‍ശിക്കുന്നവരെ പുറത്താക്കുന്ന സെക്രട്ടറി ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണെന്ന് പറഞ്ഞ് തിരിച്ചടിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, അസിസ്റ്റന്‍റ് സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യന്‍ മൊകേരി, സി. ദിവാകരന്‍, ടി. പുരുഷോത്തമന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വാക്പയറ്റ് അരങ്ങേറിയത്. ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കന്മാര്‍ പാര്‍ട്ടിമര്യാദകള്‍ ലംഘിച്ച് മദ്യപാനം ശീലമാക്കിയെന്നും യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. എ.ഐ.ടി.യു.സി നേതാക്കന്മാരില്‍ ചിലര്‍ സംഘടനക്കു വേണ്ടി ഒന്നും ചെയ്യുന്നില്ളെന്ന് പേരെടുത്ത് പറഞ്ഞ് ചില അംഗങ്ങള്‍ വിമര്‍ശിച്ചു. നെടുമങ്ങാട് എം.എല്‍.എ സി. ദിവാകരന്‍െറ വികസനപ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് മണ്ഡലംകമ്മറ്റി അറിയുന്നില്ല, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ല തുടങ്ങിയ ആരോപണങ്ങളും ഉന്നയിക്കപ്പെട്ടു. ജി.ആര്‍. അനിലിനെ അനുകൂലിച്ച് സി.എസ്. ജയചന്ദ്രന്‍, പി.കെ. രാജു, എം.എസ്. സലീം, കാലടി ജയചന്ദ്രന്‍, കല്ലമ്പലം രാജീവ്, വട്ടിയൂര്‍ക്കാവ് ദിവാകരന്‍ എന്നിവരും എതിര്‍ത്ത് ഡോ. ഉദയകല, മധുസൂദനന്‍ നായര്‍, കാര്‍ത്തികേയന്‍ നായര്‍, പി. ബീന, രഞ്ജിത്ത് തുടങ്ങിയവരുമാണ് രംഗത്തത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.