കോര്‍പറേഷനിലെ 15 വാര്‍ഡ് ശുചിത്വവാര്‍ഡുകളാകും

തിരുവനന്തപുരം: നഗരത്തിലെ 15 വാര്‍ഡുകളിലെ ഒന്നരലക്ഷത്തോളം കുടുംബങ്ങള്‍ക്ക് അടുക്കളമാലിന്യ സംസ്കരണത്തിന് കോര്‍പറേഷന്‍ സൗജന്യമായി കിച്ചണ്‍ബിന്‍ നല്‍കും. ഗാന്ധിജയന്തി ദിനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ശുചിത്വവാര്‍ഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് നടപടി. ഒരു കിച്ചണ്‍ ബിന്‍ യൂനിറ്റിന് 300 രൂപ ക്രമത്തില്‍ നാലരക്കോടി മുതല്‍മുടക്കുള്ള പദ്ധതിയാണിത്. വിളപ്പില്‍ശാല പ്ളാന്‍റ് നിര്‍മാണശേഷം ഇതാദ്യമായാണ് ഇത്രയും വലിയ തുക മാലിന്യസംസ്കരണത്തിന് കോര്‍പറേഷന്‍ ചെലവഴിക്കുന്നത്. ഉറവിടമാലിന്യ സംസ്കരണ പദ്ധതി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍, കോടികള്‍ ചെലവിട്ട് കഴിഞ്ഞ കൗണ്‍സിലിന്‍െറ കാലത്ത് നഗരത്തിലെ 51 വാര്‍ഡുകള്‍ ശുചിത്വവാര്‍ഡുകളായി പ്രഖ്യാപിച്ചതാണ്. അതെല്ലാം മാലിന്യം മൂടിയതോടെ ആദ്യം മുതല്‍ വീണ്ടും തുടങ്ങുകയാണ് ഈ ഭരണസമിതി. കുറഞ്ഞത് 80 ശതമാനം വീടുകളിലെങ്കിലും ഉറവിട മാലിന്യസംസ്കരണ സംവിധാനം സ്ഥാപിക്കണമെന്നതാണ് ശുചിത്വ വാര്‍ഡ് പ്രഖ്യാപനത്തിനുള്ള പ്രധാന മാനദണ്ഡം. ഇതനുസരിച്ചാണ് ഏകദേശം 1.5 ലക്ഷം കിച്ചണ്‍ ബിന്നുകള്‍ ഇത്രയും വാര്‍ഡുകളിലായി സ്ഥാപിക്കുന്നത്. ഒരു കിച്ചണ്‍ ബിന്‍ യൂനിറ്റിന് 300 രൂപയാണ്. ഒരു പ്ളാസ്റ്റിക് ബക്കറ്റ്, രണ്ട് പ്ളാസ്റ്റിക് കവറുകള്‍, ഇനോക്കുലം ലായനി, ചകിരിച്ചോറ് എന്നിവ അടങ്ങുന്നതാണ് ഒരു യൂനിറ്റ്. അഞ്ചംഗ കുടുംബത്തിന് പകുതി മാസം ഉപയോഗിക്കാവുന്ന തരത്തിലാണിത്. മാസത്തില്‍ രണ്ടുതവണയായി ചകിരിച്ചോര്‍ മാറ്റി നിക്ഷേപിക്കേണ്ടി വരും. ഒരിക്കല്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ തുടര്‍ പരിപാലനത്തിന് അംഗീകൃത ഏജന്‍സികളെ കോര്‍പറേഷന്‍ ചുമതലപ്പെടുത്തി. കിച്ചണ്‍ ബിന്നിന്‍െറ പരിപാലനത്തിനും പ്ളാസ്റ്റിക് ശേഖരണത്തിനുമായി അവര്‍ വീടുകളിലത്തെും. മാസം 200 രൂപ ഇതിന് വീട്ടുകാര്‍ നല്‍കണം. ഹരിതഗ്രാമം, വീ- കെയര്‍, പെലിക്കണ്‍ ഫൗണ്ടേഷന്‍, ഹരിതനഗരം ഏജന്‍സികളെയാണ് കോര്‍പറേഷന്‍ കിച്ചണ്‍ ബിന്‍ പരിപാലനത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. മേല്‍നോട്ടത്തിന് ‘തണല്‍’ സന്നദ്ധ സംഘടനയെയും നിയോഗിച്ചു. വീട്ടുകാര്‍ മാസംതോറും നല്‍കുന്ന 200 രൂപയാണ് ഇവര്‍ക്കുള്ള പ്രതിഫലമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ശ്രീകുമാര്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ 20 കോടിയാണ് മാലിന്യസംസ്കരണത്തിന് കോര്‍പറേഷന്‍ വകയിരുത്തിയത്. കിച്ചണ്‍ ബിന്‍ സ്ഥാപിക്കാനുള്ള പണം ഇതില്‍ നിന്ന് ചെലവഴിക്കും. കിച്ചണ്‍ ബിന്‍ ഉറവിട മാലിന്യ സംസ്കരണത്തിന് അനുയോജ്യമെന്ന് സാക്ഷ്യപ്പെടുത്താന്‍ കോര്‍പറേഷന്‍ ശുചിത്വമിഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. അംഗീകാരം ലഭിച്ചാല്‍ സര്‍ക്കാര്‍ സബ്സിഡി ലഭ്യമാക്കാനുള്ള ശ്രമം ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.