എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

കഴക്കൂട്ടം: എയര്‍പോര്‍ട്ടില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്ത് നിരവധി നിര്‍ധന യുവതികളില്‍നിന്നടക്കം ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് എതിര്‍വശത്ത് സ്വകാര്യ വ്യക്തി ആരംഭിച്ച ഹോംനഴ്സിങ് സ്ഥാപനത്തിന്‍െറ മറവിലാണ് സംഭവം അരങ്ങേറിയത്. അഞ്ചുമാസം മുമ്പ് തുടങ്ങിയ സ്ഥാപനം പത്രപരസ്യം നല്‍കിയാണ് വലവിരിച്ചത്. കബളിപ്പിക്കപ്പെട്ടതില്‍ ഏറെയും സ്ത്രീകളാണ്. വിസ വാഗ്ദാനം ചെയ്ത് ചില പുരുഷന്മാരെയും ചതിയിലാക്കിയതായാണ് വിവരം. 5000 രൂപ മുതല്‍ 45,000 രൂപവരെ പലര്‍ക്കും നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസില്‍ ഇവര്‍ പരാതി നല്‍കിയതോടെ ഉടമയായ സ്ത്രീയും ഭര്‍ത്താവും സഹായിയും സ്ഥാപനം പൂട്ടി ഒളിവില്‍ പോയി. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്ത കഴക്കൂട്ടം പൊലീസിന്‍െറ തുടര്‍നടപടികളില്‍ പരാതിക്കാര്‍ ദുരൂഹത ആരോപിക്കുന്നു. പൊലീസുകാര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്രെ. കേസെടുത്ത് 15 ദിവസം പിന്നിട്ടിട്ടും അന്വേഷണം ആരംഭിച്ചില്ല. ഒരാഴ്ചക്കിടെ തട്ടിപ്പുനടത്തി മുങ്ങിയവരെ കഴക്കൂട്ടം ടെക്നോപാര്‍ക്കിന് സമീപത്തും കൊയ്ത്തൂര്‍ക്കോണത്തും കണിയാപുരത്തും കണ്ടതായി ചിലര്‍ സ്റ്റേഷനില്‍ അറിയിച്ചെങ്കിലും പിടികൂടാതെ പൊലീസ് മുടന്തന്‍ ന്യായം ഉന്നയിക്കുകയായിരുന്നെന്നും പറയുന്നു. വീട്ടുജോലി തേടിവന്നവരെയും എയര്‍പോര്‍ട്ട് ജോലി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടുകയായിരുന്നു. 20,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി ആവശ്യപ്പെട്ടിരുന്നു. കൂടാതെ, വാഹനച്ചെലവിലേക്ക് 3000 രൂപ, യൂനിഫോമിന് 500 രൂപ, രജിസ്ട്രേഷന്‍ ഫീസായി 300 രൂപ എന്നിങ്ങനെയായി 31,800 രൂപ വീതമാണ് കൂടുതല്‍ പേരില്‍നിന്നും കൈപ്പറ്റിയത്. ആഗസ്റ്റ് 28ന് ജോലിയില്‍ പ്രവേശിക്കാമെന്നാണ് ഇവര്‍ പണം നല്‍കിയവരോട് പറഞ്ഞിരുന്നത്. പുത്തന്‍തോപ്പ്, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, പള്ളിപ്പുറം, മൈതാനി സ്വദേശികള്‍ തട്ടിപ്പിനിരയായതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.