മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കളെ പൊലീസ് മര്‍ദിച്ച സംഭവം: യഥാര്‍ഥ പ്രതി പിടിയില്‍

അഞ്ചാലുംമൂട്: പൊലീസില്‍ വിവാദങ്ങള്‍ക്കും സ്ഥലംമാറ്റത്തിനും ഇടയാക്കിയ മോഷണക്കേസില്‍ പ്രധാന പ്രതി പിടിയില്‍. മാസങ്ങള്‍ക്ക് മുമ്പ് അഞ്ചാലുംമൂട് കാഞ്ഞിരംകുഴിയിലെ കിണര്‍തൊടി നിര്‍മാണ കേന്ദ്രത്തില്‍നിന്ന് 1,80,000 രൂപ മോഷണം പോയ കേസില്‍ അഞ്ചാലുംമൂട് വന്‍വിള ചോപ്രവിള ജങ്ഷന് സമീപം മാവുന്നേല്‍ തെക്കതില്‍ മുനീറിനെയാണ് (21) രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. കേസിന്‍െറ പേരില്‍ പിടികൂടിയ ദലിത് യുവാക്കളെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചാലുംമൂട് എസ്.ഐ പ്രശാന്ത് കുമാറിനെ സ്ഥലംമാറ്റിയിരുന്നു. പൊലീസ് മര്‍ദനം നിരവധി പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. അഞ്ചാലുംമൂട് സ്വദേശി രമണന്‍െറ ഉടമസ്ഥതയിലുള്ള കിണര്‍ നിര്‍മാണ കേന്ദ്രത്തില്‍ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാന്‍ വെച്ചിരുന്ന രൂപയാണ് മോഷണം പോയത്. ഉടമയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തൃക്കരുവ കാഞ്ഞിരംകുഴി അമ്പഴവയല്‍ താഴതില്‍ രാജീവ് (32), കിളികൊല്ലൂര്‍, മങ്ങാട് അറുന്നൂറ്റിമംഗലം വയലില്‍ പുത്തന്‍വീട്ടില്‍ ഷിബു (36) എന്നിവരെ അഞ്ചാലുംമൂട് പൊലീസ് ദിവസങ്ങളോളം കസ്റ്റഡിയില്‍ മര്‍ദനത്തിന് വിധേയമാക്കിയത്. കിണര്‍തൊടി നിര്‍മാണ സ്ഥലത്തെ ഓഫിസില്‍നിന്ന് പണം മോഷണംപോയശേഷം ഇവിടെ ജോലി ചെയ്ത രാജീവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് സംശയത്തിന്‍െറ പേരിലാണ് രാജീവിനെയും ബന്ധുവായ ഷിബുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതിയെ പിടികൂടിയതോടെ കേസില്‍ പങ്കുള്ളവരെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷണം നടത്തിവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.