നവകേരള മിഷന്‍: ജില്ലതലത്തില്‍ വിപുലമായ ഒരുക്കങ്ങള്‍

തിരുവനന്തപുരം: സര്‍ക്കാറിന്‍െറ നവകേരള മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലതലത്തില്‍ വിപുലമായ ഒരുക്കങ്ങള്‍. കലക്ടര്‍ എസ്. വെങ്കിടേസപതിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവകേരള മിഷന്‍ ടാസ്ക് ഫോഴ്സ് യോഗം ചേര്‍ന്ന് പദ്ധതിപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡിസംബര്‍ എട്ടിന് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മഴവെള്ള സംഭരണ-സംരക്ഷണവുമായി ബന്ധപ്പെട്ട് പദ്ധതി ആരംഭിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. മുന്‍ഗണനാടിസ്ഥാനത്തില്‍ ആറുവിഷയങ്ങളെ നാലുവിഭാഗങ്ങളായി തിരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ ജലസംരക്ഷണത്തിന് പ്രാമുഖ്യം നല്‍കണമെന്ന് കലക്ടര്‍ പറഞ്ഞു. പഞ്ചായത്തുകള്‍ തയാറാക്കുന്ന ആക്ഷന്‍ പ്ളാനുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ടാസ്ക്ഫോഴ്സ് അടിയന്തരയോഗം ചേരണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി മഴവെള്ളം സംഭരിക്കുന്നതിനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടണം. 82 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് തൊഴിലുറപ്പുപദ്ധതിയില്‍ നിലവിലുള്ളത്. മഴക്കുഴി നിര്‍മിക്കുക, മഴവെള്ളം സംഭരിക്കുക, തടയണകള്‍ നിര്‍മിക്കുക, കുളങ്ങളും കിണറുകളും വൃത്തിയാക്കുകയും ഉപയോഗയോഗ്യമാക്കുകയും ചെയ്യുക, മഴവെള്ളക്കൊയ്ത്ത്, ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം, പൊതുകിണറുകളുടെയും കുഴല്‍ക്കിണറുകളുടെയും നിര്‍മാണം, കിണര്‍ റീച്ചാര്‍ജിങ്, പുതിയ കുളങ്ങളുടെ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും മാലിന്യസംസ്കരണം, ജലസമൃദ്ധി, കാര്‍ഷികവികസനം എന്നിവ ഇണക്കിക്കൊണ്ട് ഹരിത കേരളം മിഷന്‍ പ്രവര്‍ത്തിക്കണം. ഉറവിട മാലിന്യസംസ്കരണത്തിന് സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് അറിയുന്നതിനായി സ്കൂളുകളുടെ സഹകരണത്തോടെ സര്‍വേ നടത്താന്‍ യോഗം തീരുമാനിച്ചു. സന്നദ്ധ പ്രവര്‍ത്തകരായ കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് സര്‍വേ നടത്തുക. അംഗീകരിക്കപ്പെട്ടിട്ടുള്ള നൂതനപദ്ധതികള്‍ നവകേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. നവകേരള മിഷനുമായി ബന്ധപ്പെട്ട ടാസ്ക് ഫോഴ്സിന്‍െറ പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ പ്രതിവാര അവലോകനം നടത്തും. പഞ്ചായത്തുകളില്‍ മൂന്നിനുള്ളില്‍ സംഘാടകസമിതി ചേര്‍ന്ന് എട്ടിന് ജില്ലയില്‍ നടക്കുന്ന മിഷന്‍ പരിപാടികളുടെ ഒരുക്കങ്ങള്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തി അറിയിക്കണമെന്ന് കലക്ടര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.