ലഹരിമാഫിയ പിടിമുറുക്കുന്നു

കഴക്കൂട്ടം: കുട്ടികളെയും യുവാക്കളെയും വലയിലാക്കി ജില്ലയില്‍ മയക്കുമരുന്നു മാഫിയ വിലസുന്നു. പരിശോധനകള്‍ പ്രഹസനമാകുമ്പോള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേകം ഓഫറുകള്‍ വരെ നല്‍കിയാണ് മയക്കുമരുന്നുവില്‍പനക്കാര്‍ കൊഴുക്കുന്നത്. ഉത്തരേന്ത്യന്‍ രീതിയിലുള്ള വന്‍സംഘങ്ങളായാണ് ലഹരിവില്‍പന. ജില്ലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ലഹരിമാഫിയ വന്‍ വളര്‍ച്ചയാണ് നേടിയത്. വിവിധ ഏജന്‍സികള്‍ അനൗദ്യോഗികമായി നടത്തിയ പിശോധനയില്‍ 18വയസ്സിന് താഴെയുള്ളവരില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പറയുന്നു. ലഹരിയുടെ വര്‍ധിച്ച ഉപഭോഗമുണ്ടാകുമ്പോഴും നൂലാമാലകളേറെയുണ്ടെന്ന ന്യായം പറഞ്ഞാണ് പരിശോധനാ ഉദ്യോഗസ്ഥര്‍ തടിയൂരുന്നത്. മയക്കുമരുന്ന് കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നവരില്‍ 60 ശതമാനം പേരും പ്രായപൂര്‍ത്തിയാകാത്തവരാണത്രെ. നിര്‍ധന കുടുംബങ്ങളിലുള്ളവര്‍, മോശം കുടുംബചുറ്റുപാടിലുള്ള കുട്ടികള്‍ എന്നിവരെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി കണ്ണികളാക്കിയാണ് മാഫിയ ഓരോ പ്രദേശത്തും വേരുറപ്പിക്കുന്നത്. വലയില്‍ വീഴുന്ന കുട്ടികള്‍ക്ക് ആദ്യം ചെറിയ അളവില്‍ സൗജന്യമായി ലഹരി നല്‍കും. തുടര്‍ന്ന് ഇവര്‍ പണംമുടക്കി മയക്കുമരുന്ന് വാങ്ങാന്‍ തുടങ്ങും. അതുവഴി ശൃംഖല വര്‍ധിപ്പിക്കുന്നതാണ് രീതി. ആവശ്യത്തിന് പണം കിട്ടാതെ കുട്ടികളടക്കമുള്ള കവര്‍ച്ചകള്‍ക്കും ക്രൂരമായ ആക്രമണങ്ങള്‍ക്കും വരെ ഇറങ്ങിത്തിരിക്കുന്നു. സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്ത പല കേസുകളിലും മയക്കുമരുന്നിനടിമയായവരാണ് ഭീകരമായ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പിടികൂടുന്ന പ്രതികള്‍ക്ക് പായപൂര്‍ത്തിയായവരാണെങ്കില്‍പോലും പെട്ടെന്ന് ജ്യാമ്യം ലഭിക്കുമെന്നതാണ് ഇവരെ വീണ്ടും കച്ചവടം നടത്താന്‍ പ്രേരിപ്പിക്കുന്നതെന്ന് അന്വേഷണ ഉദ്യാഗസ്ഥര്‍ പറയുന്നു. പെട്ടെന്ന് ജാമ്യം ലഭിക്കാതിരിക്കണമെങ്കില്‍ കുറഞ്ഞത് ഒരു കിലോയെങ്കിലും കൈവശമുണ്ടായിരിക്കണമെന്നാണ് ചട്ടം. മൊത്തവിതരണക്കാരടക്കമുള്ളവര്‍ അതിനാല്‍ തന്നെ മിക്കപ്പോഴും അര കിലോ വരെ മാത്രമേ കൈവശം സൂക്ഷിക്കാറുള്ളൂ. മയക്കുമരുന്ന് പിടിക്കുമ്പോള്‍ നിരവധി നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്. അന്വേഷണം തടയാനാണ് മാഫിയകള്‍ പ്രായപൂര്‍ത്തിയാകാത്തവരെ കണ്ണികളാക്കുന്നത്. ഇത്തരക്കാര്‍ പിടിക്കപ്പെടുമ്പോള്‍ പൊലീസടക്കമുള്ളവര്‍ക്ക് ചോദ്യംചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളേറെയാണ്. വിശദമായി ചോദ്യം ചെയ്യാന്‍ കഴിയാത്തതിനാല്‍ പ്രധാന കണ്ണികളിലേക്ക് എത്തിപ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്കാകുന്നില്ല. അതേസമയം കര്‍ശന നിബന്ധനകളോടെ മാത്രം വില്‍ക്കാവുന്ന മരുന്നുകള്‍ ജില്ലയിലെ പ്രാന്തപ്രദേശങ്ങളിലുള്ള ചില മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ വില്‍ക്കുന്നതായും വിവരമുണ്ട്. 10 ഗുളികകള്‍ അടങ്ങിയ സ്ട്രിപ്പിന് 35 രൂപയാണ് ശരാശരി വില. ഇതില്‍ ഒരു ഗുളികക്കും ദ്രാവക രൂപത്തിലാക്കിയ ശേഷം കുത്തിവെക്കാനുള്ള ഒരു സിറിഞ്ചിനുമായി 100 രൂപ എന്ന പാക്കേജ് തയാറാക്കിയാണ് വില്‍പന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.