പത്തനാപുരത്ത് ഗതാഗതം കുരുക്കി നഗരമധ്യത്തിലെ സ്റ്റേജ്

പത്തനാപുരം: നഗരമധ്യത്തിലെ വേദി നിര്‍മാണം ഗതാഗതപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. വാളകം-പത്തനാപുരം-ശബരി പാത, പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് പല പരിപാടികള്‍ക്കും സ്റ്റേജ് നിര്‍മിക്കുന്നത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളും സാമൂഹിക-സാംസ്കാരിക സംഘടനകളും യോഗങ്ങളും സമ്മേളനങ്ങളുമെല്ലാം നടത്തുന്നത് നഗരത്തിന്‍െറ ഹൃദയഭാഗത്ത് നിര്‍മിക്കുന്ന ഈ വേദിയിലാണ്. കെ.എസ്.ആര്‍.ടി.സി ഡിപ്പോ റോഡും ശബരിപാതയും ചേരുന്ന ഭാഗത്ത് നിലവില്‍ പഞ്ചായത്തിന്‍െറ സ്റ്റേജ് ഉണ്ട്. എന്നാല്‍, ഇപ്പോള്‍ അതിനും മുന്നിലായി പൂര്‍ണമായും റോഡില്‍തന്നെയാണ് വേദികള്‍ നിര്‍മിക്കുന്നത്. കാണികള്‍ക്കായി റോഡില്‍ ഇരിപ്പിടങ്ങളും ഒരുക്കുന്നതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെടും. പലപ്പോഴും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് വരെ നിര്‍ത്തിവെക്കാറുണ്ട്. സമാന്തരപാതകളുടെ തകര്‍ച്ചകാരണം അതുവഴിയും ഗതാഗതം ക്രമീകരിക്കാന്‍ കഴിയാറില്ല. മണിക്കൂറുകളോളം കാത്തുകിടന്നാണ് വാഹനങ്ങള്‍ പലതും കടന്നുപോകുന്നത്. പൊതുനിരത്തുകളില്‍ വേദികള്‍ നിര്‍മിക്കരുതെന്ന കോടതി നിര്‍ദേശം വരെ അവഗണിച്ചാണ് ഈ പ്രവര്‍ത്തനം. പൊതുമാര്‍ക്കറ്റിനുള്ളില്‍ വിശാലമായ സ്ഥിരം സ്റ്റേജ് ആദ്യം നിര്‍മിച്ചിരുന്നു. എന്നാല്‍, കാണികള്‍ എത്തുന്നില്ളെന്ന കാരണത്താല്‍ പാതയിലേക്ക് സ്റ്റേജ് മാറ്റി നിര്‍മിക്കുകയായിരുന്നു. കല്ലുംകടവിലെ ഒരേക്കറോളം വരുന്ന സ്വകാര്യബസ് സ്റ്റാന്‍ഡ് ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇവിടെയും വേദി നിര്‍മിക്കാന്‍ അനുയോജ്യമാണ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള വേദി നിര്‍മാണത്തെപ്പറ്റി നിരവധി തവണ വ്യാപാരികള്‍ ഉള്‍പ്പെടെ പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സംഘാടകര്‍ രാഷ്ട്രീയപാര്‍ട്ടികളായതിനാല്‍ നടപടിയെടുക്കാന്‍ നിയമപാലകരും മടിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.