ബാലരാമപുരം: ബാലരാമപുരം പബ്ളിക് മാര്‍ക്കറ്റ് പിടിച്ച കരാറുകാരനെ മര്‍ദിച്ച് 30 ലക്ഷം രൂപ പിടിച്ചുപറിച്ച കേസില്‍ ആര്യനാട് സ്വദേശി രതീഷ് (30) അറസ്റ്റിലായി. മുഖ്യപ്രതി മാറനല്ലൂര്‍ കണ്ടല കാട്ടുവിള സ്വദേശി സുനിലിന്‍െറ കൂട്ടാളിയാണിയാളെന്ന് പൊലീസ് പറഞ്ഞു. ഒരു വസ്തു വാങ്ങാനായി അഡ്വാന്‍സ് നല്‍കാന്‍ പോയി മടങ്ങവെ ബാലരാമപുരം പോസ്റ്റ് ഓഫിസിന് പിന്‍വശത്ത് ഷാജി കോട്ടേജില്‍ എസ്. ഷാജിമോനെ അടിച്ചിട്ട് 30 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നതായാണ് കേസ്. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിനടുത്തെ വസ്തു കാണിക്കാനായി ഷാജിമോനെ സുനില്‍ വിളിച്ചുവരുത്തുകയായിരുന്നു. ആശ്രമത്തിലെ ഒരു വിശ്വാസിയുടെ വക ഒരു കോടി രൂപ വിലവരുന്ന 10 സെന്‍റ് സ്ഥലവും ഇരുനില കെട്ടിടവും പകുതി വിലയ്ക്ക് വാങ്ങാമെന്ന് മോഹിപ്പിച്ചാണ് ഷാജിമോനെ സുനില്‍ കുടുക്കിയത്. ഷാജിമോനെ ആശ്രമത്തിന് പുറത്തുനിര്‍ത്തി തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിയ ശേഷം സുനില്‍ ഉള്ളിലേക്ക് പോയി. മണിക്കൂറുകള്‍ക്കുശേഷം പുറത്തുവന്ന സുനില്‍ ഇന്ന് ഇടപാട് നടക്കില്ളെന്നും മടങ്ങാമെന്നും പറഞ്ഞു. മടങ്ങി വരവെ ബാലരാമപുരം പഞ്ചായത്ത് ഓഫിസിന് സമീപത്തെ സര്‍വിസ് സ്റ്റേഷനു മുന്നില്‍ സംസാരിച്ച് നില്‍ക്കുമ്പോള്‍ ബൈക്കില്‍നിന്ന് അടിച്ചിട്ട ശേഷം പെട്രോള്‍ ടാങ്ക് കവറില്‍ വെച്ചിരുന്ന 30 ലക്ഷം രൂപ എടുത്ത് സുനില്‍ കടന്നുകളഞ്ഞതായാണ് ഷാജിമോന്‍ മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തിലെ മറ്റു പ്രതികള്‍ക്കായി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടക്കുന്നുണ്ട്. രതീഷിനെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.