പാറശ്ശാല: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ക്രിസ്മസ്, പുതുവര്‍ഷം ലക്ഷ്യമിട്ടുള്ള സ്പിരിറ്റ് കടത്ത് തടയാന്‍ കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. നിലവിലെ ജീവനക്കാര്‍ക്ക് സഹായത്തിനായി ഇന്‍റലിജന്‍സ് സ്ക്വാഡിനെയും നിയമിച്ചു. രാത്രികാലപരിശോധനകള്‍ നിരീക്ഷിക്കുന്നതിനായി എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ അജിത്ലാല്‍ കഴിഞ്ഞദിവസം അമരവിളയിലെയും ആറ്റുപുറത്തെയും ചെക്പോസ്റ്റുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ചെക്പോസ്റ്റുകളില്‍ എത്തുന്ന എല്ലാ വാഹനങ്ങളുംപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ചെക്പോസ്റ്റുകളില്‍ ഡ്യൂട്ടി നോക്കുന്ന എക്സൈസ്, വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തമ്മിലുളള ശീതസമരം പരിഹരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുമാസംമുമ്പ് തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറിയിലേക്ക് നികുതി വെട്ടിച്ച് കാറില്‍ കടത്തുകയായിരുന്ന 12 കിലോ സ്വര്‍ണം വാണിജ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. എക്സൈസുകാര്‍ കടത്തിവിട്ട കാറില്‍ നിന്ന് സ്വര്‍ണം പിടികൂടിയത് രണ്ട് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ ഭിന്നതക്ക് ഇടയാക്കി. ജീവനക്കാരുടെ ഭിന്നത സംയോജിത ചെക്പോസ്റ്റിന്‍െറ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. രണ്ടുമാസം മുമ്പ് 10 ലക്ഷം രൂപയുടെ സിഗരറ്റുമായത്തെിയ കാറിനെ പരിശോധനയില്ലാതെ കടത്തിവിട്ട സംഭവത്തില്‍ ആറ്റുപുറം ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജോയന്‍റ് കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.