രോഗികള്‍ക്ക് കൈത്താങ്ങാവാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ ഒത്തുകൂടി

തിരുവനന്തപുരം: മെഡിക്കല്‍ കോളജ്, ആര്‍.സി.സി, ശ്രീചിത്ര, എസ്.എ.ടി ആശുപത്രി എന്നിവിടങ്ങളില്‍ എത്തുന്ന രോഗികളെ സഹായിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയ വാട്സ്ആപ് കൂട്ടായ്മയായ ‘ഒരുമ’യിലെ അംഗങ്ങള്‍ ഒത്തുകൂടി. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ തല്‍പരരായ ജീവനക്കാരുടെ വാട്സ്ആപ് കൂട്ടായ്മയാണ് ഒരുമ. ഇതിലെ ഓരോ അംഗത്തില്‍നിന്ന് 100 രൂപ വീതം ശേഖരിച്ച് കിട്ടുന്ന തുക എല്ലാ മാസവും ആര്‍.സി.സി, ശ്രീചിത്ര, എസ്.എ.ടി ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് നല്‍കുക എന്നതാണ് ഗ്രൂപ്പിന്‍െറ ലക്ഷ്യം. മെഡിക്കല്‍ കോളജ് കാമ്പസില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മെച്ചപ്പെട്ട ഭൗതികസാഹചര്യം ഒരുക്കുക, രക്തദാനസേന രൂപവത്കരിക്കുക, നേത്രദാന ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയവ ഏറ്റെടുത്ത് നടത്താനും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു പ്രതിമാസ പരിപാടി ഉദ്ഘാടനം ചെയ്തു. അശോക് പി.എസ്. അധ്യക്ഷത വഹിച്ചു. ഒരുമ കോഓഡിനേറ്റര്‍ വികാസ് ബഷീര്‍, കവി മുരുകന്‍ കാട്ടാക്കട, വാവ സുരേഷ് എന്നിവര്‍ മുഖ്യാതിഥികളായി. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സുല്‍ഫിക്കര്‍, നഴ്സിങ് ഓഫിസര്‍ ഉദയറാണി, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു, ഡി.ആര്‍. അനില്‍, ഡോ. പ്രദീപ്കുമാര്‍, സി.കെ. ദിനേശ്കുമാര്‍, സി.എന്‍. ഹേമലതാദേവി, എന്‍. നിമല്‍രാജ്, യു.എം. നഹാസ്, എം. അജിത എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഒരുമ ഗ്രൂപ് അഡ്മിനും മെഡിക്കല്‍ കോളജിലെ സാര്‍ജനുമായ സഫീര്‍ രചിച്ച് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ സബ് ഇന്‍സ്പെക്ടര്‍ ഹണി സംഗീതം പകര്‍ന്ന് പാടിയ ഒരുമ അവതരണഗാന സീഡി ചടങ്ങില്‍ പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.