ബൈപാസ് തര്‍ക്കസ്ഥലം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു

ആറ്റിങ്ങല്‍: ബൈപാസ് തര്‍ക്കസ്ഥലം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. ആറ്റിങ്ങല്‍ ബൈപാസ് പദ്ധതിയുടെ ഭൂമിയേറ്റെടുക്കലില്‍ ദേവസ്വംബോര്‍ഡിന് കീഴിലെ തിരുവാറാട്ട് കാവ് ദേവീക്ഷേത്രത്തിന്‍െറ കുറച്ചുഭാഗവും ഉള്‍പ്പെടുന്നുണ്ട്. അതൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രോപദേശക സമിതിയും വിശ്വാസികളും ചേര്‍ന്ന് വകുപ്പുമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അലൈന്‍മെന്‍റില്‍ മാറ്റം വരുത്തി ക്ഷേത്രവും ക്ഷേത്രഭൂമിയും ഏറ്റെടുക്കലില്‍നിന്ന് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ നേരത്തേ കലക്ടര്‍ ബിജുപ്രഭാകറും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. നിലവില്‍ ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ രാജകുടുംബാംഗങ്ങളിലൂടെയും പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രി സ്ഥലം സന്ദര്‍ശിച്ചത്. പുരാതനവും ചരിത്രപരവുമായ ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അഡ്വ. സി.ജെ. രാജേഷ്കുമാര്‍, പ്രശാന്ത് എന്നിവരും മന്ത്രിയെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.