കഴക്കൂട്ടം: പോത്തന്‍കോട്ട് അശോകസ്തംഭം ഘടിപ്പിച്ച് വാഹനമോടിച്ച ഹവില്‍ദാര്‍ പിടിയില്‍. പിടികൂടുന്നതിനിടെ ഹവില്‍ദാര്‍ പൊലീസിനെ കുത്തിപ്പരിക്കേല്‍പിച്ചു. പോത്തന്‍കോട് എസ്.ഐ പ്രശാന്തിനും ജീപ്പ് ഡ്രൈവര്‍ക്കുമാണ് പരിക്ക്. സംഭവത്തില്‍ ജമ്മു കശ്മീര്‍ ലേയിലെ ആര്‍മി ഹവില്‍ദാര്‍ നന്നാട്ടുകാവ് വഴക്കാട് സ്വദേശി രാമചന്ദ്രന്‍നായര്‍ (45) ആണ് പിടിയിലായാത്. ഞായറാഴ്ച രാവിലെ പതിനൊന്നോടെ നന്നാട്ടുകാവിന് സമീപത്താണ് സംഭവം. പട്രോളിങ് നടത്തുകയായിരുന്ന പോത്തന്‍കോട് എസ്.ഐയും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പിന് പിന്നില്‍ വരികയായിരുന്നു രാമചന്ദ്രന്‍ നായര്‍. ഇയാളുടെ വാഹനത്തിലെ അശോകസ്തംഭം പൊലീസിന്‍െറ ശ്രദ്ധയില്‍പെട്ടു. കാര്യം തിരക്കിയപ്പോഴാണ് വ്യാജ എംബ്ളമാണെന്ന് അറിഞ്ഞത്. ഗവര്‍ണര്‍, ഹൈകോടതി ജഡ്ജി തുടങ്ങി ഉന്നതരുടെ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് സമാനമായ എംബ്ളമാണ് വ്യാജമായി നിര്‍മിച്ച് ഘടിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പിടികൂടുമ്പോള്‍ മദ്യപിച്ചിരുന്ന രാമചന്ദ്രന്‍നായര്‍ പൊലീസിനെ അസഭ്യം വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. വാഹനത്തിന്‍െറ താക്കോല്‍ ഉപയോഗിച്ച് പൊലീസുകാരെ കുത്തിപ്പരിക്കേല്‍പിച്ചു. പരിക്കേറ്റ എസ്.ഐയും പൊലീസുകാരനും ചികിത്സതേടി. ആക്രമണസ്വഭാവം തുടര്‍ന്ന പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. ഇതിനിടെ അതുവഴി പോവുകയായിരുന്ന അനില്‍കുമാര്‍ എന്നയാള്‍ സംഭവം കണ്ട് പൊലീസിനുനേരെ തിരിഞ്ഞത്രെ. രാമചന്ദ്രന്‍ നായരും അനില്‍കുമാറും ഒരേ നാട്ടുകാരാണെന്ന് പൊലീസ് പറയുന്നു. പിടിയിലായ ഇരുവരെയും റിമാന്‍ഡ് ചെയ്തു. പൊലീസിനെ ആക്രമിച്ചതിനും അശോകസ്തംഭം വ്യാജമായി നിര്‍മിച്ച് തെറ്റിദ്ധാരണ പരത്തുന്നരീതിയില്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിച്ചതിനുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.