കുളത്തൂപ്പുഴയിലെ ബധിര–മൂക വിദ്യാലയം പാതിവഴിയില്‍ ഉപേക്ഷിച്ചു

കുളത്തൂപ്പുഴ: ഭിന്നശേഷിക്കാരായ കുരുന്നുകള്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ കുളത്തൂപ്പുഴയില്‍ നിര്‍മാണം ആരംഭിച്ച ബധിര-മൂക വിദ്യാലയം പാതിവഴിയില്‍ ഉപേക്ഷിച്ചനിലയില്‍. ഭിന്നശേഷിക്കാരായ പിഞ്ചുകുഞ്ഞുങ്ങളുടെ ദുരിതം കാണാന്‍ ആരുമില്ലാത്ത അവസ്ഥയെന്ന് രക്ഷിതാക്കള്‍. നിലവില്‍ പഞ്ചായത്തിലോ സമീപ പ്രദേശങ്ങളിലോ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന ഒരു സര്‍ക്കാര്‍ സൗകര്യങ്ങളും നിലവിലില്ല. സാധാരണ സ്കൂളുകളില്‍ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിപ്പിക്കാനും പരിചരിക്കാനും മറ്റുമായി രക്ഷിതാക്കള്‍ വിദ്യാര്‍ഥികളോടൊപ്പം സ്കൂളിലിരിക്കേണ്ട അവസ്ഥയാണ്. പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസവും പരിശീലനവും നല്‍കാനാണ് 2007ല്‍ ഭരണസമിതി ഇ.എസ്.എം കോളനിയില്‍ പഞ്ചായത്തിന്‍െറ അധീനതയിലുള്ള സ്ഥലത്ത് ബധിര-മൂക വിദ്യാലയത്തിന് തുടക്കംകുറിച്ചത്. തനത് ഫണ്ട് ഉപയോഗിച്ച് സ്കൂളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി പ്രവര്‍ത്തനം ആരംഭിക്കാന്‍ തയാറാക്കിയ പദ്ധതിപ്രകാരം തുടക്കത്തില്‍ ലക്ഷങ്ങള്‍ മുടക്കി സ്കൂള്‍ കെട്ടിടം നിര്‍മിക്കുകയും വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി പഞ്ചായത്തിലും സമീപപ്രദേശങ്ങളിലുമുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ സര്‍വേ സംഘടിപ്പിക്കുകയും സ്കൂളിലേക്കുള്ള വിദ്യാര്‍ഥികളെ കണ്ടത്തെുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് വന്ന ഭരണസമിതി തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വകയിരുത്താതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ സംരക്ഷണമില്ലാതായ കെട്ടിടം നാശത്തിന്‍െറ വക്കിലാണ്. ഇപ്പോള്‍ പഞ്ചായത്തിന്‍െറ മറ്റ് ആവശ്യങ്ങള്‍ക്ക് കെട്ടിടം ഉപയോഗപ്പെടുത്താനുള്ള നീക്കം അണിയറയില്‍ പുരോഗമിക്കുകയാണ്. ഇതോടെ ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്‍െറ കാഴ്ചപ്പാട് മാറി ബധിര-മൂക വിദ്യാലയ പദ്ധതി പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം, കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കുകയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തശേഷം പദ്ധതി ഉപേക്ഷിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ അധികൃതരോ ഭരണാധികാരികളോ തയാറായില്ളെന്നതാണ് വസ്തുത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.