വര്‍ക്കല: ഇടവയിലെ വെണ്‍കുളം റെയില്‍വേ ഗേറ്റില്‍ അപകടം പതിയിരിക്കുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയില്‍. ഗേറ്റിലെ റെയില്‍പ്പാളത്തിലെ ഇളകിയ കോണ്‍ക്രീറ്റ് സ്ളാബുകളും കരിങ്കല്‍ ചീളുകളുമാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. ഒമ്പതു മാസം മുമ്പാണിവിടെ ടാറിങ്ങില്‍ ഉറപ്പിച്ചിരുന്ന സ്ളാബുകള്‍ വെട്ടിപ്പൊളിച്ച് കളഞ്ഞതിനുശേഷം പുതിയവ സ്ഥാപിച്ചത്. പുതുതായി സ്ഥാപിച്ച സ്ളാബുകളുടെ കനം വര്‍ധിച്ചതും ഗുണനിലവാരമില്ലാത്തതുമാണ് വിനയായത്. ഒപ്പം റെയില്‍വേയുടെ കടുത്ത അവഗണന കൂടിയായപ്പോള്‍ നാട്ടുകാരൊന്നടങ്കം രാപകല്‍ ഭേദമില്ലാതെ തീ തിന്നുകഴിയുകയാണ്. ഇടവ മുസ്ലിം എച്ച്.എസ്.എസ്, ലിറ്റ്ല്‍ ഫ്ളവര്‍ എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ മൂവായിരത്തോളം വിദ്യാര്‍ഥികളും ഈ അപകടക്കെണി തരണം ചെയ്തു വേണം കടന്നുപോകേണ്ടത്. രാവിലെയും വൈകുന്നേരവും സ്കൂള്‍ പരിസരം മുതല്‍ മൂന്നുമൂല ജങ്ഷന്‍ വരെ വിദ്യാര്‍ഥികള്‍ റോഡ് നിറഞ്ഞൊഴുകുന്നതും കാണാം. ഇതിനിടെ നിരവധി തവണയാണ് ട്രെയിന്‍ കടന്നുപോകുന്നതിനായി ഗേറ്റ് അടച്ചിടുന്നത്. ഗേറ്റിനുള്ളിലെ കരിങ്കല്‍ ചീളുകള്‍ക്കിടയിലും സ്ളാബുകള്‍ക്കിടയിലെ കുഴികളിലും കാല്‍ വഴുതി വീണ് നിരവധി കുട്ടികളാണ് ഇതിനകം അപകടത്തില്‍പ്പെട്ടത്. സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുചക്ര വാഹന യാത്രികരും നാള്‍ക്കുനാള്‍ ഇവിടെ അപകടത്തില്‍പ്പെട്ട് പരിക്കേല്‍ക്കുന്നുണ്ട്. നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും സ്ളാബുകള്‍ നന്നായി ഉറപ്പിക്കാനോ ട്രാക്കിനുള്ളിലെ കരിങ്കല്‍ ചീളുകള്‍ നീക്കം ചെയ്യാനോ റെയില്‍വേ തയാറാകുന്നില്ല. ഇവിടെ ഫുട്ഓവര്‍ ബ്രിഡ്ജ് വേണമെന്ന് നാട്ടുകാര്‍ പതിറ്റാണ്ടുകളായി മുറവിളി കൂട്ടിയിട്ടും ഫലമൊന്നുമില്ല. ഗേറ്റ് ദുരന്തഭീഷണി ഉയര്‍ത്തുന്നുവെന്ന് ‘മാധ്യമം’ നേരത്തേ വിശദമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് വിഷയം റെയില്‍വേ ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തി അടിയന്തര പരിഹാരത്തിന് ശ്രമിക്കുമെന്ന് ഡോ. എ. സമ്പത്ത് എം.പി, വര്‍ക്കല കഹാര്‍ എം.എല്‍.എ എന്നിവര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.